ന്യൂഡൽഹി: തബ്ലീഗ് ജമാഅത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് കേസ്. തബ്ലീഗ് ജമാഅത്തിനും സംഘടനയുടെ നേതാക്കൾക്കുമെതിരേ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന്റെ ഇടപെടൽ.
ഐപിസി 304 (കുറ്റകരമായ മനഃപൂർവമല്ലാത്ത നരഹത്യ), 120 ബി ( കുറ്റകരമായ ഗൂഢാലോചന), വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് തബ്ലീഗിനും നേതാക്കൾക്കുമെതിരേ കേസെടുത്തത്. കള്ളപ്പണം തടയൽ നിയമ പ്രകാരം ഇതിൽ ഇടപെടാവുന്നതാണ്. അവരുടെ സാമ്പത്തിക സ്ഥിതി, ധനസഹായത്തിന്റെ ഉറവിടം, സ്വത്തുവകകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കും. അന്വേഷണത്തിലെ കണ്ടെത്തലനുസരിച്ച് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും”- എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
തബ്ലീഗ് ജമാഅത്തിനെതിരേ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടുകൾ ഇഡി പരിശോധിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം നിസാമുദ്ദീനിലെ തബ്ലീഗ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡുകളിൽ തബ്ലീഗ് ജമാഅത്ത് അംഗങ്ങളായ 2,000ത്തോളം വിദേശികൾ സന്ദർശക വിസയിൽ ഇന്ത്യയിലെത്തിയിരുന്നതായും ഇതിൽ 800 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
തബ്ലീഗ് ജമാഅത്തിനും നേതാവ് മൗലാന സഅദ് കന്ധാൽവിക്കുമെതിരേ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചും കേസെടുത്തിട്ടുണ്ട്. നരഹത്യയുമായി ബന്ധപ്പെട്ട വകുപ്പുകൾ അടുത്തിടെയാണ് ചേർത്തത്. മാർച്ചിൽ ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ കോവിഡുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ അവഗണിച്ച് 2000ഓളം പേരെ പങ്കെടുപ്പിച്ചെന്ന പരാതിയിലാണ് കേസ്. തബ്ലീഗ് സമ്മേളനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗബാധ വ്യാപിക്കാൻ കാരണമായെന്നും വിലയിരുത്തപ്പെടുന്നു.
തബ്ലീഗിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഡൽഹി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ആദായ നികുതി റിട്ടേൺ, ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടിരുന്നു.