scorecardresearch

ഹവാല ഇടപാട്: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടിയിലധികം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം ചെയ്തുവെന്ന ഫെമ കേസിലാണ് ഇ ഡി നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

joy alulkkas

ന്യൂഡല്‍ഹി: കേരളം ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഉടമ ജോയ് ആലുക്കാസ് വർഗീസിന്റെ 305 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഹവാല വഴി ദുബായിലേക്കു കമ്പനി വൻതോതിൽ പണം കൈമാറ്റം ചെയ്തുവെന്ന ഫെമ കേസിലാണു നടപടിയെന്നു വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

തൃശൂർ ആസ്ഥാനമായുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ 22ന് ഇ ഡി പരിശോധന നടത്തിയിരുന്നു.

തൃശൂര്‍ ശോഭാ സിറ്റിയിലെ വീടും ഭൂമിയും ഉൾപ്പെടെയുള്ള 81.54 കോടി രൂപ വിലമതിക്കുന്ന 33 സ്ഥാവര സ്വത്തുക്കളും 91.22 ലക്ഷം രൂപ നിക്ഷേപമുള്ള മൂന്നു ബാങ്ക് അക്കൗണ്ടും 5.58 കോടി രൂപയുടെ മൂന്നു സ്ഥിരനിക്ഷേപങ്ങളും ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപ മൂല്യം വരുന്ന ഓഹരികളും കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു.

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) 37 എ വകുപ്പ് പ്രകാരം കണ്ടുകെട്ടിയ ഈ ആസ്തികളുടെ ആകെ മൂല്യം 305.84 കോടി രൂപയാണെന്നും ഇ ഡി അറിയിച്ചു.

‘ഹവാല ചാനലുകൾ മുഖേനെ വഴി ഇന്ത്യയില്‍നിന്ന് ദുബായിലേക്കു വന്‍ തുക കൈമാറ്റം ചെയ്യുകയും ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായ് ജോയ് ആലുക്കാസ് ജ്വല്ലറി എല്‍ എല്‍ സിയില്‍ നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ഇ ഡി കേസ്.

പരിശോധനക്കിടെ ശേഖരിച്ച ഔദ്യോഗിക രേഖകളും മെയിലുകളും ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം വ്യക്തമാക്കുന്നതായാണ് ഇ ഡി പറയുന്നത്. ദുബായ് ജോയ് ആലുക്കാസ് ജ്വല്ലറി എല്‍ എല്‍ സിയില്‍ നിക്ഷേപിച്ച ഫണ്ടിന്റെ ഗുണഭോക്താവ് ജോയ് ആലുക്കാസ് വര്‍ഗീസാണെന്നും ഇ ഡി ആരോപിക്കുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ed attaches over rs 305 crore worth of assets of joyalukkas jewellery group on hawala charges