ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടി. എയർസെൽ-മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് 1.16 കോടി മൂല്യമുളള സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഫിക്സഡ് ഡിപ്പോസിറ്റ്, എസ്ബി അക്കൗണ്ട് എന്നിവിടങ്ങളിലായുള്ള 90 ലക്ഷത്തോളം രൂപയും അഡ്വാന്റേജ് സ്ട്രറ്റീജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് (എഎസ്‌സിപിഎൽ) കമ്പനിയുടെ പേരിലുള്ള 26 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്.

സ്വത്തുവകകള്‍ വില്‍ക്കാനും ചില ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കാര്‍ത്തി ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പ്രവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്, ആന്റി മണി ലോണ്ടറിങ് ആക്ട് എന്നിവ പ്രകാരം എൻഫോഴ്സ്മെന്റ് നടപടിയെടുത്തത്.

അതേസമയം, തന്നെ പേടിപ്പിക്കാനും നിശബ്ദനാക്കാനുമാണ് മകനെതിരായ ഇപ്പോഴത്തെ നടപടിയെന്ന് പി.ചിദംബരം പ്രതികരിച്ചു. ഇതുകണ്ടൊന്നും താൻ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്‌സ് മീഡിയ എന്ന സ്‌ഥാപനത്തിനു വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിക്കാൻ കാർത്തി വഴിവിട്ടു സഹായിച്ചെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിനു വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി നേടിക്കൊടുത്തപ്പോൾ കാർത്തിക്കു 3.5 കോടി രൂപ കോഴ ലഭിച്ചെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ