ന്യൂഡൽഹി: പിഎൻബി വായ്പ തട്ടിപ്പ് കേസിൽ മെഹുൽ ചോക്സിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1217.2 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതിന് പുറമേ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനിൽ മേഹ്‌തയുടെ ഓഫീസിലെത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തി.

മുംബൈയിലും കൊൽക്കത്തയിലുമായി 15 ഫ്ലാറ്റുകൾ, 17 ഓഫീസ് കെട്ടിടങ്ങൾ, അലിബാഗിൽ നാല് ഏക്കർ വിസ്തൃതിയുളള ഫാം ഹൗസ് എന്നിവ കണ്ടുകെട്ടി.ഇതിന് പുറമെ, നാസിക്, നാഗ്‌പൂർ, പൻവേൽ, തമിഴ്‌നാട്ടിലെ വില്ലുപുരം എന്നിവിടങ്ങളിലായി 231 ഏക്കർ സ്ഥലവും കണ്ടുകെട്ടി.

ഹൈദരാബാദിലെ റംഗറെഡ്ഡി ജില്ലയിൽ 500 കോടി വിലവരുന്ന 170 ഏക്കർ പാർക്കാണ് കണ്ടുകെട്ടിയ മറ്റൊരു വസ്തു. മഹാരാഷ്ട്രയിലെ ബൊറിവാലിയിൽ നാല് ഫ്ലാറ്റുകളും സാന്റാക്രൂസിലെ ഖേനി ടവറിൽ ഒൻപത് ഫ്ലാറ്റും കണ്ടുകെട്ടി.

ചോക്സിയുടെ നിയന്ത്രണത്തിലുളള 41 ആസ്തികളുടെയും മൂല്യം 1217.2 കോടിയാണ്. ചോക്സിക്ക് പുറമെ, രോഹൻ പാർത്ഥ്, ഗീതാഞ്ജലി എക്സ്പോർട് കോർപ്പറേഷൻ, ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, ഡീസന്റ് സെക്യൂരിറ്റീസ് ആന്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, എൻ ആന്റ് ജെ ഫിൻസ്റ്റോക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്ക് കൂടി പങ്കാളിത്തമുളള ആസ്തികളാണ് ഇവ.

കഴിഞ്ഞയാഴ്ച നീരവ് മോദിയ്ക്ക് ഉടമസ്ഥാവകാശം ഉളള 523.72 കോടിയുടെ ആസ്തി ഇത്തരത്തിൽ കണ്ടുകെട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ