ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) റാണ കപൂറിനെ അറസ്റ്റ് ചെയ്തത്. പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ഒടുവിലാണ് അറസ്റ്റ്. ഏകദേശം 30 മണിക്കൂറാണ് റാണയെ ചോദ്യം ചെയ്തത്.
ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റാണ കപൂറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നത്. റാണയുടെ മുംബെെയിലെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. റാണയുടെ മൂന്ന് മക്കളുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഡിഎച്ച്എഫ്എലുമായി ക്രമവിരുദ്ധമായി പണമിടപാടുകൾ നടത്തിയെന്ന സംശയത്തില്‍ കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് റാണയെ അറസ്റ്റ് ചെയ്തത്.
Read Also: Horoscope of the week (March 08-March 14, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
റാണ കപൂറിനായി എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബാങ്ക് തകർച്ചയിലാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബാങ്ക് മേധാവിയായ റാണാ രാജ്യം വിടാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ റാണയ്ക്കെതിരെ എൻഫോഴ്സ്മെന്റ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തിയത് വലിയ വാർത്തയായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വില കഴിഞ്ഞ ദിവസം 84.94 ശതമാനം ഇടിഞ്ഞ് 5.55 രൂപയിലെത്തി. 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.
Read Also: ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു
സാമ്പത്തിക സ്ഥിതി അതീവ മോശായ സാഹചര്യത്തിലാണു യെസ് ബാങ്കില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഒരു മാസത്തേക്കാണു മൊറട്ടോറിയം പ്രഖ്യാപിച്ചത്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പിന്‍വലിക്കല്‍ പരിധി 50,000 രൂപയായി കുറച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തിയത്.
മൊറട്ടോറിയം കാലയളവായ ഒരു മാസത്തിനുള്ളില്‍ ബാങ്കിന്റെ പുനഃസംഘാടനത്തിനോ സംയോജനമോ നടത്തുമെന്നാണ് ആര്‍ബിഐ പറയുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ അടുത്ത ദിവസങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.