ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസില്‍ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് ഡല്‍ഹിയിലെ പ്രത്യേക കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.
രാവിലെ 8.15 ഓടെ ജയിലിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ രണ്ടു മണിക്കൂറോളം ചിദംബരത്തെ ചോദ്യം ചെയ്യുന്നത് തുടർന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിദംബരത്തെ കോടതിയിൽ ഹാജരാക്കുന്ന അന്വേഷണ സംഘം ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും സമർപ്പിക്കും.
ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം തിഹാർ ജയിലിലാണ്. ഒക്ടോബർ 17 ന് അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് എൻഫോഴ്സ്മെന്ര് ചിദംബരത്തെ വീണ്ടും അറസ്റ്റ് ചെയ്തത്.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.