ന്യൂഡൽഹി: സേവനങ്ങളുടെ കയറ്റുമതിയെന്ന മറവിൽ ധനസഹായം നൽകുന്നതിനുള്ള നിയമങ്ങൾ ലംഘിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആംനസ്റ്റി ഇന്റർനാഷണൽ യുകെ ഇന്ത്യൻ വിഭാഗത്തിന് 51 കോടിയിലധികം രൂപ നൽകിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ന്യൂഡൽഹിയിലെ പ്രത്യേക കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര എൻജിഒ ആയ ആംനസ്റ്റിയുടെ കാശ്മീർ, സിഖ് കൂട്ടക്കൊല സംബന്ധിച്ച പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ വാദം.
ജൂലൈ ഒമ്പതിന്, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എഐഐപിഎൽ), ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് (ഐഎഐടി), മുൻ എഐഐപിഎൽ സിഇഒമാരായ ജി അനന്തപത്മനാഭൻ, ആകാർ പട്ടേൽ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഇഡി കേസ് ഫയൽ ചെയ്തിരുന്നു.
ആംനസ്റ്റി ഇന്റർനാഷണൽ, ഇന്ത്യയിൽ അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നതിനായി, 1999-ൽ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റ് (എഐഐഎഫ്ടി) സ്ഥാപിച്ചു. 2011-12-ൽ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമം (എഫ്സിആർഎ) പ്രാബല്യത്തിൽ വന്നപ്പോൾ, വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് എൻജിഒയ്ക്ക് സർക്കാർ മുൻകൂർ അനുമതി നൽകിയിരുന്നു. എന്നാൽ മറ്റു സർക്കാർ ഏജൻസികളുടെ വിരോധം മൂലം ഇത് ഉടൻ പിൻവലിക്കപ്പെട്ടു എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
അതിനു ശേഷം 2012-ൽ ആംനസ്റ്റി ഇന്റർനാഷണൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ഐഎഐടി സ്ഥാപിച്ചു, പിന്നീട് 2013-ൽ എഐഐപിഎൽ (അന്ന് സോഷ്യൽ സെക്ടർ റിസർച്ച് കൺസൾട്ടൻസി & സപ്പോർട്ട് സർവീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്) എന്ന ലാഭേച്ഛയുള്ള വാണിജ്യ സ്ഥാപനവും സ്ഥാപിച്ചതായി ഇഡി പറയുന്നു.
ഇതിൽ ഐഎഐടി ആഭ്യന്തരമായി ഫണ്ടുകൾ സ്വീകരിച്ചും എഐഐപിഎൽ കയറ്റുമതി ഫീസ് വാങ്ങിയും ക്യാമ്പയിനുകൾ മറ്റും നടത്തിയുമാണ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടതായിരുന്നുവെന്ന് ഇഡി പറയുന്നു.
രണ്ട് സ്ഥാപനങ്ങൾക്കും ഒരേ കമ്പനി ഭാരവാഹികളായിരുന്നു, ഒരേ കെട്ടിടത്തിലായിരുന്നു പ്രവർത്തനം, എഐഐപിഎലിന്റെ പ്രവർത്തന കാലയളവിൽ ഉടനീളം ആംനസ്റ്റി ഇന്റർനാഷണൽ യുകെ മാത്രമായിരുന്നു അതിന്റെ ക്ലയന്റ് ആയിട്ടുണ്ടായിരുന്നത്.
രണ്ട് സ്ഥാപനങ്ങളും സ്ഥാപിതമായതോടെ, എഐഐപിഎല്ലിലെ 99.8% ഓഹരികളും ഐഎഐടി വാങ്ങി, ബാക്കിയുള്ളവ ഐഎഐടി ട്രസ്റ്റികളുടെ കൈവശമാണെന്നും ഇഡി പറയുന്നു.
2015ൽ ആംനസ്റ്റി ഇന്റർനാഷണൽ യുകെ എഐഐപിഎല്ലിൽ എഫ്ഡിഐ വഴി 10 കോടി രൂപ നിക്ഷേപിച്ചു. ഇ ഡി പറയുന്നതനുസരിച്ച് ഇതിൽ ഒമ്പത് കോടി രൂപ എഐഐപിഎൽ സ്ഥിരനിക്ഷേപത്തിൽ നിക്ഷേപിച്ചതായി ഇഡി പറയുന്നു. ഈ എഫ്ഡിക്കെതിരെ, ഐ എ ഐ ടി അതിന്റെ എൻജിഒ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഒരു ബാങ്കിൽ നിന്ന് 14 കോടിയിലധികം രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്തി.
വിവിധ വിഷയങ്ങളിൽ മനുഷ്യാവകാശ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനും സാങ്കേതിക സേവനങ്ങൾക്കുമായി, ബന്ധപ്പെട്ട സേവനങ്ങളുടെ കയറ്റുമതിക്കായി ആംനസ്റ്റി ഇന്റർനാഷണൽ യുകെയിൽ നിന്ന് മാത്രം എഐഐപിഎല്ലിന് വർഷങ്ങളായി 36 കോടി രൂപ (10 കോടി രൂപ എഫ്ഡിഐ ഉൾപ്പെടെ) ലഭിച്ചുവെന്ന് ഇഡി പറയുന്നു.
ഇത് എഫ്സിആർഎ ലംഘിച്ചു പ്രവർത്തനം നടത്താനുള്ള നടപടി ആയിരുന്നുവെന്ന് ഇഡി ആരോപിക്കുന്നു. ഇതിലൂടെ എഐഐപിഎല്ലിനും ഐഎഐടിക്കും ലഭിച്ച മുഴുവൻ പണവും കുറ്റകൃത്യത്തിന്റെ വരുമാനമാണെന്നാണ് ഇഡി പറയുന്നത്.
എന്നാൽ, പല രാജ്യങ്ങളിലെയും എൻജിഒകൾ തങ്ങളുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രണ്ട് സ്ഥാപനങ്ങൾ സ്ഥാപിക്കുന്ന അതേമാതൃകയാണ് തങ്ങളും പിന്തുടരുന്നതെന്നും ആംനസ്റ്റി ഉദ്യോഗസ്ഥർ ഇഡിയോട് പറഞ്ഞു.
“ഞങ്ങൾ ഏതെങ്കിലും തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കേണ്ടത് അവരാണ്. അവർ പറയുന്ന ദേശവിരുദ്ധ ആശയം എന്താണെന്ന് എനിക്കറിയില്ല. ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിൽ നിന്ന് ഞങ്ങളെ തടയുന്ന ഒരു നിയമവും എനിക്കറിയില്ല. ഞങ്ങൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തുന്നതിൽ തെറ്റില്ല, ഇടപാടുകൾ ആർബിഐ വഴി ആകുമ്പോൾ ആംനസ്റ്റി 10 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്.” ആകർ പട്ടേൽ സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, എല്ലാ സേവനങ്ങൾക്കും വിദേശ ധനസഹായത്തിനും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എഫ്സിആർഎ ലൈസൻസ് ആവശ്യമാണെന്ന് എൻജിഓയുടെ സേവന നിബന്ധനകളിൽ നിന്ന് വ്യക്തമാണെന്ന് ഇഡി അവകാശപ്പെട്ടു.
ജൂലൈ ഒമ്പതിന് ആരോപണങ്ങൾ തള്ളി ആംനസ്റ്റി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇഡിയുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്ന് അവർ പറഞ്ഞു.