സ്റ്റോക്ഹോം: വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജെയ്ക്ക് നൽകിയിരുന്ന സൗകര്യങ്ങൾ ഇക്വഡോർ അവസാനിപ്പിക്കുന്നു. അസാഞ്ജെയ്ക്ക് നല്‍കിയിരുന്ന ഇന്റര്‍നെറ്റ് സൗകര്യം നിര്‍ത്തലാക്കിയതായി ബുധനാഴ്ച ഇക്വഡോര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് അദ്ദേഹം താമസിക്കുന്നത്.

ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായുളള ബന്ധം വഷളാകുമെന്ന വിലയിരുത്തലിലാണ് അസാഞ്ജെയ്ക്ക് നല്‍കിയിരുന്ന പരിഗണന ഇക്വഡോര്‍ മതിയാക്കുന്നത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ അസാഞ്ജെയുടെ പിന്തുണക്കാര്‍ രംഗത്തെത്തി. എംബസിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധത്തിന് തയ്യാറാവാന്‍ ഓണ്‍ലൈനില്‍ ആഹ്വാനം ഉയര്‍ന്നു. ജനുവരിയിലാണ് അസാഞ്ജെയ്ക്ക് ഇക്വഡോര്‍ പൗരത്വം നല്‍കിയത്. എന്നാല്‍ ഇന്റർനെറ്റ് അടക്കമുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ റദ്ദാക്കിയ ഇക്വഡോർ അദ്ദേഹത്തെ ഉടൻ തന്നെ സ്വീഡന് കൈമാറുമെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് അസാഞ്ജെ അഭയാർത്ഥിയായി കഴിയുന്നത്.

അഭയം നൽകിയപ്പോൾ തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അസാഞ്ജെയുമായി കരാർ ഉണ്ടാക്കിയിരുന്നതായി ഇക്വഡോർ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കരാറിൽ അദ്ദേഹം വീഴ്ച വരുത്തി. സോഷ്യൽ മീഡിയയിൽ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ബ്രിട്ടനുമായും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളുമായും തങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിച്ചുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അമേരിക്കയുടെ നിരവധി സൈനിക, നയതന്ത്ര രഹസ്യങ്ങളും മറ്റ് രാജ്യങ്ങളിൽ നടത്തിയ ചാരപ്പണിയും സംബന്ധിച്ച വിവരങ്ങളാണ് അസാഞ്ജെയുടെ വിക്കിലീക്സ് പുറത്തുവിട്ടത്. 2010ലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ഓസ്ട്രേലിയൻ പൗരനയ ജൂലിയൻ അസാഞ്ജെയെ വിചാരണയ്ക്കായി വിട്ട് കിട്ടണമെന്ന് സ്വീഡൻ ആവശ്യപ്പെടുന്നത്. സ്വീഡൻ തന്നെ അമേരിക്കയ്ക്ക് വിചാരണയ്ക്കായി കൈമാറുമെന്ന ആശങ്കയിലാണ് ജൂലിയൻ അസാഞ്ജെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ