കൊച്ചി: മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ.മൻമോഹൻ സിങ്. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വർധിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മൻമോഹൻ സിങ് കൊച്ചിയില്‍ പറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് വിപണി ഉടൻ കരകയറില്ല. രാജ്യത്ത് സാമ്പത്തിക അസമത്വം വർധിച്ചു വരികയാണെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു.

എറണാകുളം സെന്‍റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച സെമിനാറിലാണ് എൻഡിഎ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളെ മുൻ പ്രധാനമന്ത്രി വിമർശിച്ചത്. നോട്ട് നിരോധനമായിരുന്നില്ല കള്ളപ്പണത്തിന് എതിരായ ശരിയായ നടപടി. ഭൂനികുതി അടക്കമുള്ള നികുതികൾ ലഘൂകരിക്കുകയായിരുന്നു വേണ്ടത്. കേന്ദ്ര സർക്കാരിന്‍റെ തെറ്റായ സമീപനങ്ങൾ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ റേറ്റിങ് ഉയർത്തി മൂഡീസിന്‍റെ റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിന്‍റെ സമീപകാല പരിഷ്കാരങ്ങളെ വിമർശിച്ചവരെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook