ന്യൂഡൽഹി: ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി നിൽക്കുമ്പോൾ, പുതിയ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സമ്പദ്‌ഘടന ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് തങ്ങളുടെ സർക്കാർ നടത്തിയതെന്നും മോദി പറഞ്ഞു. വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമ്പദ്ഘടനയെ അച്ചടക്കത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു തങ്ങൾ നടത്തിയതെന്ന് മോദി പറഞ്ഞു. കര്‍ഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. വര്‍ഷങ്ങളായി വ്യവസായ മേഖല ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.

സമ്പദ്‌വ്യവസ്ഥയിൽ “അച്ചടക്കവും ഗുണപരമായ മാറ്റങ്ങളും” സർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട മോദി, രാജ്യം പ്രധാന മേഖലകളിലെല്ലാം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ നമുക്ക് അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും പറഞ്ഞു.

“അഞ്ച് വർഷം മുമ്പ് നമ്മുടെ സമ്പദ്‌വ്യവസ്ഥ നാശത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ബിജെപി സർക്കാർ അച്ചടക്കവും ഗുണപരമായ മാറ്റങ്ങളും കൊണ്ടുവന്നു. മുമ്പത്തെ ബലഹീനതകളെ നിയന്ത്രിക്കുന്നതിൽ ഞങ്ങൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്ന് ബാങ്കിങ് മേഖലയുമായും കോർപ്പറേറ്റ് മേഖലയുമായും ബന്ധപ്പെട്ടവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ തീരുമാനങ്ങൾ എടുക്കുക, നിക്ഷേപം നടത്തുക, യാതൊരു മടിയും കൂടാതെ ചെലവഴിക്കുക” മോദി പറഞ്ഞു.

നിലവിലെ മാന്ദ്യത്തിൽ നിന്ന് രാജ്യം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. സാമ്പത്തികവളർച്ച വർധിപ്പിക്കുന്നതിനായി കോർപ്പറേറ്റ് നികുതി കുറയ്ക്കൽ ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിക്കുന്നതിനെ കുറിച്ചും മോദി പറഞ്ഞു. രാജ്യത്ത് വ്യാപാരം എളുപ്പമാക്കുന്നതിന് കമ്പനി നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. കമ്പനി നിയമത്തിലെ പല വ്യവസ്ഥകളും വിവേചനരഹിതമാക്കിയിട്ടുണ്ടെന്നും കൂടുതൽ വ്യവസ്ഥകൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook