ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്താരാഷ്‌ട്ര ബിസിനസ് മാസികയായ ഇക്കണോമിമിസ്റ്റിന്‍റെ രൂക്ഷവിമര്‍ശനം. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറ്റതിനു ശേഷമുള്ള മൂന്നുവര്‍ഷവും കാതലായ സാമ്പത്തിക പരിഷ്കരണങ്ങളിലൊക്കെ പരാജയപ്പെട്ടു എന്നാണ് ഇക്കണോമിസ്റ്റ് വിമര്‍ശിക്കുന്നത്.

” കാണുന്നതുപോലൊരു പരിഷ്കര്‍ത്താവല്ല ഇന്ത്യന്‍ പ്രധാനമന്ത്രി ” എന്ന തലകെട്ടോടുകൂടിയ ലേഖനത്തിലാണ് ഇക്കണോമിസ്റ്റ് മാസിക മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തെ വിമര്‍ശിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവരാന്‍ പോവുന്ന ചരക്കുസേവന നികുതിയെയും ഇക്കണോമിസ്റ്റ് വിമര്‍ശിക്കുന്നുണ്ട്. “അനാവശ്യമായ സങ്കീര്‍ണതകളിലേക്ക് വലിചിഴക്കുന്നത്” എന്നാണ് ചരക്കു സേവനനികുതിയെക്കുറിച്ച് ഇക്കണോമിസ്റ്റ് പറയുന്നത്. നോട്ടുനിരോധിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം ‘വിപരീതഫലം സൃഷ്ടിക്കുന്നതായിരുന്നു. കള്ളപ്പണക്കാര്‍ക്ക് അധികം ദോഷം ചെയ്യാതെ നിയമാനുസൃതമായ വിപണികളെ ദുരിതതിലാഴ്ത്തുകയും’ ചെയ്ത നടപടി എന്നാണ് നോട്ടുനിരോധനത്തെക്കുറിച്ചുള്ള ഇക്കണോമിസ്റ്റ് വിലയിരുത്തുന്നത്.

പതിറ്റാണ്ടുകളായി രാജ്യം കാണാത്തയത്ര ഭൂരിപക്ഷത്തോടെ അധികാരമേല്‍ക്കുകയും ‘പ്രതീക്ഷയറ്റ’ ഒരു പ്രതിപക്ഷം ഉണ്ടായിട്ടും വലിയ രീതിയിലുള്ള പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതില്‍ മോദി പരാജയപ്പെട്ടു. നിലവിലെ ആഗോളസമ്പദ്‌വൃവസ്ഥയുടെയും രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതിയും നല്‍കുന്ന സുവര്‍ണാവസരത്തെ തള്ളികളഞ്ഞത് പരിഷ്കരണങ്ങള്‍ നടത്താനുള്ള വൈദഗ്ദ്ധ്യങ്ങളുടെ കുറവായാണ് ലേഖനം വിലയിരുത്തുന്നത്.

” ഒരു ഫാക്റ്ററിക്കായുള്ള ഭൂമി കണ്ടെത്തുക, വൈദ്യുതിനിലയത്തിന്‍റെ നിര്‍മാണം ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലാണ് ‘വ്യവസായങ്ങളുടെ സുഹൃത്ത്’ എന്ന അദ്ദേഹത്തിന്‍റെ സല്‍പേര് നിലനിര്‍ത്തുന്നത്. അല്ലാതെ സമ്പദ്‌വൃവസ്തയെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെ കണ്ടെത്തുന്നതിലോ അതിനെ പരിഹരിച്ചുകൊണ്ട് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുവാനോ അദ്ദേഹത്തിനു സാധിക്കുന്നില്ല… ഇന്ത്യയുടെ വികസനത്തിനാവശ്യം ഭൂഭാഗങ്ങളും പവർ സ്റ്റേഷനുകളും മാത്രമല്ല. വൈദ്യുതിയും ഭൂമിയും മൂലധനവും തൊഴിലും ഒക്കെയടങ്ങിയ പ്രവര്‍ത്തനക്ഷമതയുള്ള വിപണികളാണ്.” ‘ഇക്കണോമിസ്റ്റ് തുടരുന്നു.

Modi, Economist

മോദി സര്‍ക്കാരിന്‍റെ ഭരണത്തിനു കീഴില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതുവിടങ്ങളെക്കുറിച്ചും ലേഖനം പ്രതിപാദിക്കുന്ന. ഇന്ത്യയുടെ മതേതര പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതായ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരെയും ‘ഹിന്ദു ദേശീയവാദികള്‍’ ഭയപ്പെടുത്തുന്നതായും ലേഖനം പറയുന്നു. എന്‍ഡിടിവി സ്ഥാപകന്‍ പ്രണോയ് റോയിയുടെ ഓഫീസിലും വീട്ടിലും നടത്തിയ സിബിഐ പരിശോധനയെ സര്‍ക്കാരിന്‍റെ ‘കടുത്തകയ്യേറ്റം’ എന്നാണ് ഇക്കണോമിസ്റ്റ് വിശേഷിപ്പിക്കുന്നത്.

മോദി ഒരു സാമ്പത്തികവിദഗ്ദ്ധനോ പരിഷ്കര്‍ത്താവോ അല്ല മറിച്ച് ഒരു സങ്കുചിതനാണ് എന്ന് പറയുന്ന ലേഖനത്തില്‍. അദ്ദേഹം സ്വയം ‘ആകര്‍ഷണം പിടിച്ചുപറ്റുന്നൊരു വ്യക്തിത്വമായി’ മാറുകയാണ് എന്നും പറയുന്നു. അത് വരുന്ന ഒരു തിരഞ്ഞെടുപ്പില്‍ കൂടി ജയിക്കാനുള്ള തന്ത്രമായിരിക്കാം. “അത്വി നാശകരമായൊരു തെറ്റിലേക്ക് വഴിവെക്കുന്നത് സങ്കല്‍പ്പിക്കാന്‍ ഒട്ടും പ്രയാസമില്ല’ എന്നും ലേഖനം പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ