ഹിന്ദി ഭാഷാ ദിനപത്രം റാഞ്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമ്പത്തിക വിദഗ്ദ്ധ ജീൻ ഡ്രെസെയ്ക്ക് ബിജെപി മന്ത്രിയുടെ അനിഷ്ടം മൂലം പ്രസംഗം പൂർത്തീകരിക്കാൻ സാധിച്ചില്ല. സമുദായങ്ങൾക്കിടയിൽ ശത്രുത പരത്താൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ വർഗ്ഗീയതയാണ് ഏറ്റവും അപകടകാരിയെന്ന ജീനിന്റെ പരാമർശത്തെ എതിർത്താണ് മന്ത്രി പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്.

കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗടക്കമുള്ള വേദിയിലാണ് സംസ്ഥാന കൃഷി മന്ത്രി രൺധീർ കുമാർ സിംഗ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ ജീൻ ഡ്രസ്സെയോട് അപമര്യാദയായി പെരുമാറിയത്. മതപരിവർത്തനത്തിനെതിരായ ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഝാർഖണ്ഡ് സർക്കാർ നൽകിയ പരസ്യം സംബന്ധിച്ചായിരുന്നു ജീൻ ഡ്രസെയുടെ വിമർശനം.

ഗോത്രവിഭാഗങ്ങളുടെയും നിർദ്ധനരുടെയും മതപരിവർത്തനത്തിനെതിരെ ഗാന്ധിയുടെ പ്രസ്താവന പരാമർശിച്ചായിരുന്നു ഝാർഖണ്ഡ് സർക്കാർ പരസ്യം നൽകിയത്. ഝാർഖണ്ഡ് കോൺക്ലേവ് 2025 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

“ആർഎസ്എസിനെ കുറിച്ച് അയാൾ പറഞ്ഞപ്പോഴാണ് ഞാൻ ഇടപെട്ടത്. അയാൾക്ക് ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഞാൻ പറഞ്ഞത്”, മന്ത്രി പിന്നീട് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട തത്സമയ വീഡിയോയിൽ ജീൻ ഡ്രസെ പ്രസംഗം നടത്തുന്നതിനിടെ രൺധീർ കുമാർ സിംഗ് രോഷത്തോടെ ഇടപെടുന്നത് കാണാം. ജീനിനോട് പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട രൺധീർ, പിന്നീട് സംഘാടകരോട് ജീൻ നടത്തിയ പരാമർശത്തിൽ മാപ്പ് പറയാൻ ആവശ്യപ്പെടുന്നുമുണ്ട്.

ഇതിനിടെ മറ്റ് രണ്ട് പേർ കൂടി മന്ത്രിയുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരുന്നുണ്ട്. എന്നാൽ ഇതിനിടെ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗ് മൈക്കിനടുത്തേക്ക് വന്ന് ജീനിന്റെ പരാമർശത്തിൽ വിശദീകരണം ചോദിക്കുമെന്നും ശാന്തനാകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പ്രസ്താവന പിൻവലിക്കണമെന്ന് രൺധീർ കുമാർ സിംഗ്, ആവശ്യപ്പെടുന്നതിനിടെ ഡയസിലെ സ്വന്തം സീറ്റിലേക്ക് ജീൻ ഡ്രസെ മടങ്ങുന്നുണ്ട്. ഹരിജനിൽ ഗാന്ധി നൽകിയ അഭിമുഖത്തെ പരാമർശിച്ച് രാധാ മോഹൻ സിംഗ് പിന്നീട് രംഗത്ത് വന്നു. “തനിക്ക് നിയമം നിർമ്മിക്കാൻ അധികാരം ലഭിച്ചിരുന്നെങ്കിൽ മതപരിവർത്തനം സമ്പൂർണ്ണമായി വിലക്കുമായിരുന്നു”, എന്ന് ഗാന്ധി പറഞ്ഞതായി പിന്നീട് രാധ മോഹൻ സിംഗ് പറഞ്ഞതോടെയാണ് രൺധീർ കുമാർ സിംഗ് ശാന്തനായത്.

“ഭരണകൂടം തന്നെ സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ മതവർഗ്ഗീയതയാണ് ഏറ്റവും അപകടമെന്ന് ഞാൻ പറഞ്ഞപ്പോഴാണ്, എന്റെ പ്രസംഗം അദ്ദേഹം തടസപ്പെടുത്തിയത്,” എന്ന് ജീൻ ഡ്രസെ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. “ആരും എനിക്ക് വേണ്ടി ശബ്ദിച്ചില്ല. അതുകൊണ്ട് ഞാൻ പ്രസംഗം നിർത്തി പിൻവാങ്ങുകയായിരുന്നു. എന്റെ വിമർശകർക്ക് എന്റെ അഭിപ്രായം കേൾക്കാൻ സാധിക്കുമെങ്കിൽ ഇനിയും ഞാൻ സംസാരിക്കും.

അതേസമയം ജെഡിയു എംഎൽഎയും മുൻ മാധ്യമപ്രവർത്തകനുമായ ഹരിവൻഷ് സംഭവസ്ഥലത്ത് വച്ച് തന്നെ ജീൻ ഡ്രസെയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് രംഗത്ത് വന്നു. സാമൂഹ്യ പ്രവർത്തക ദയാമണി ബാലയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സംഘടനകൾ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു.

സർക്കാരിന്റെ വിവിധ പദ്ധതികൾക്കെതിരെ മുൻപും നിലപാടെടുത്തിട്ടുള്ള ഡ്രസെ സംസ്ഥാനത്ത് സേവന മേഖലയിലുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവരിൽ പ്രധാനിയാണ്. ചടങ്ങ് സംഘടിപ്പിച്ച പ്രഭാത് കബ്ബർ എന്ന പത്രത്തിന്റെ എഡിറ്റർ വിജയ് പതക് മന്ത്രിയുടെ പരാമർശത്തെ പരോക്ഷമായി അനുകൂലിച്ചാണ് നിലപാടെടുത്തത്. “ജീൻ ഡ്രസെയുടെ പ്രസംഗം അവസാനിക്കാറായിരുന്നു. മന്ത്രി ആർഎസ്എസിനെ കുറിച്ചുള്ള ചില പരാമർശങ്ങളിലാണ് വിരുദ്ധാഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രി അദ്ദേഹത്തെ സമാധാനിപ്പിച്ചിരുന്നു. ഡ്രസെയുടെ സംസാരം തുടക്കം മുതൽ ആരും തടസപ്പെടുത്തിയിരുന്നില്ല”, അദ്ദേഹം വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook