/indian-express-malayalam/media/media_files/2026/01/30/economic-survey-2026-01-30-14-00-53.jpg)
ഡൽഹിയിൽ നടന്ന സാമ്പത്തിക സർവേ പ്രകാശന ചടങ്ങിൽ നിന്ന്
ന്യൂഡൽഹി: രാജ്യത്തെ വിവരവകാശ നിയമം പുനഃപരിശോധിക്കണമെന്ന് പാർലമെന്റിൽ സമർപ്പിച്ച 2025-26 സാമ്പത്തിക സർവേ റിപ്പോർട്ട് ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തിലും ഭരണഘടനാപരമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലും ഈ നിയമം നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഇത് അനാവശ്യമായ ആകാംക്ഷയ്ക്കുള്ള ഉപകരണമാകരുത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നയരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഫയൽ കുറിപ്പുകൾ, കരട് രേഖകൾ, ഉദ്യോഗസ്ഥരുടെ സർവീസ് റെക്കോർഡുകൾ തുടങ്ങിയവ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർവേ പ്രധാനമായും നിർദ്ദേശിക്കുന്നത്.പോളിസി തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപുള്ള ചർച്ചകൾ, കുറിപ്പുകൾ, വർക്കിംഗ് പേപ്പറുകൾ എന്നിവ അന്തിമ തീരുമാനമാകുന്നതുവരെ വിവരവകാശ നിയമത്തിന് പുറത്ത് നിർത്തണം.
ഉദ്യോഗസ്ഥരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും രേഖയിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുകൾ, സർവീസ് റെക്കോർഡുകൾ, കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ എന്നിവ 'പൊതുതാൽപ്പര്യമില്ലാത്ത' അപേക്ഷകളിൽ നിന്ന് സംരക്ഷിക്കപ്പെടണം.
ഭരണപരമായ കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത് തടയാൻ പാർലമെന്ററി മേൽനോട്ടത്തിന് വിധേയമായി ഒരു മന്ത്രിതല വീറ്റോ അധികാരം കൊണ്ടുവരുന്ന കാര്യം ആലോചിക്കാവുന്നതാണ്.
യുഎസ്, യുകെ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ വിവരവകാശ നിയമങ്ങളുമായി താരതമ്യം ചെയ്താണ് സർവേ ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ഈ രാജ്യങ്ങളിൽ നയരൂപീകരണ ചർച്ചകൾക്കും ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങൾക്കും കൂടുതൽ സുരക്ഷയുണ്ടെന്ന് സർവേ അവകാശപ്പെടുന്നു.
എന്നാൽ ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ പലപ്പോഴും പൊതുമധ്യത്തിൽ എത്തുന്നത് ഭരണപരമായ കാര്യക്ഷമതയെ ബാധിക്കുന്നുണ്ടെന്നും സർവേ നിരീക്ഷിക്കുന്നു.
അതേസമയം, സാമ്പത്തിക സർവേയിലെ ഈ നിർദ്ദേശങ്ങൾക്കെതിരെ വിവരവകാശ പ്രവർത്തകർ രംഗത്തെത്തി. സർക്കാർ സുതാര്യത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അഞ്ജലി ഭരദ്വാജിനെ പോലുള്ള പ്രവർത്തകർ ആരോപിച്ചു. നിലവിൽ തന്നെ വിവരവകാശ നിയമത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഉണ്ടെന്നും പുതിയ ഭേദഗതികൾ നിയമത്തിന്റെ അന്തഃസത്ത തകർക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഭരണനിർവഹണത്തിലെ സുതാര്യത നിലനിർത്തിക്കൊണ്ടുതന്നെ, നയരൂപീകരണത്തിലെ സ്വതന്ത്രമായ ചർച്ചകൾക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ നിയമം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.
Read More:കേന്ദ്ര ബജറ്റ് 2026: ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം ഇരട്ടിയാക്കണമെന്ന് ജൻ സ്വാസ്ഥ്യ അഭിയാൻ; ബജറ്റ് പ്രതീക്ഷകൾ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us