ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചയിൽ വർധനയുണ്ടാകുമെന്ന് സാമ്പത്തിക സർവേ. ആറു മുതൽ 6.5 ശതമാനം വരെ സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന വർഷം വെല്ലുവിളികൾ നേരിടുമെന്നും പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ വച്ച സാമ്പത്തിക സർവേയിൽ പറയുന്നു. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണു സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്.
നടപ്പു വർഷത്തിൽ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഇതിന് വിപരീതമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അഞ്ചിലേക്കു പതിക്കുകയാണ് ഉണ്ടായത്. ധനകമ്മി കുറച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയുണ്ടാകുവെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ആഗോളസാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന സംഭവങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാവുമെന്നും സാമ്പത്തിക സർവേയിൽ പറയുന്നു.
Read More: സിഎഎ ചരിത്രപരം, ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കി: രാഷ്ട്രപതി
നിലവിലെ സാമ്പത്തിക വളർച്ച അഞ്ച് ശതമാനമാണെന്ന് സർവേ വ്യക്തമാക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഐഎംഎഫിന്‍റെ വിലയിരുത്തലിൽ നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു. വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷത്തെ ധനക്കമ്മി ലഘൂകരിക്കേണ്ടതുണ്ടെന്ന് അരവിന്ദ് കൃഷ്ണമൂർത്തി തയ്യാറാക്കിയ സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
വളർച്ച വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ഉദ്പാദന മേഖലകൾ വികസിപ്പിക്കാനും സാമ്പത്തിക സർവേ ലക്ഷ്യമിടുന്നു. ‘ലോകത്തിനായി ഇന്ത്യയിൽ ഒത്തുകൂടാം’ എന്നതാണ് പ്രധാന പോളിസി നിർദേശം. ഉദ്പാദനരംഗത്ത് വളർച്ച കൈവരിക്കുക.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി തുറമുഖങ്ങളിലെ റെഡ് ടേപ്പ് നീക്കംചെയ്യാനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കാനും സ്വത്ത് രജിസ്റ്റർ ചെയ്യാനും നികുതി അടയ്ക്കാനും കരാറുകൾ നടപ്പാക്കാനുമുള്ള നടപടികൾ സർവേ ആവശ്യപ്പെട്ടു.
2019 ഏപ്രിലിൽ പണപ്പെരുപ്പം 3.2 ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 2.6 ശതമാനമായി കുറഞ്ഞുവെന്നും സർവേ വ്യക്തമാക്കുന്നു. ചരക്കുകളുടെ വില സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ ഇടപെടലുകൾ ഫലപ്രദമല്ലെന്ന് സർവേ വ്യക്തമാക്കി.