ന്യൂഡല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയില്‍ 6.75 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ ലോക്‌സഭയില്‍ വച്ചു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ജിഡിപിയില്‍ 7 മുതല്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കും എന്നാണ് സര്‍വ്വേ പറയുന്നത്. “കഴിഞ്ഞ വർഷം നടപ്പിലാക്കിയ ചില സുപ്രധാന പരിഷ്കാരങ്ങള്‍ ജിഡിപിയെ ഈ സാമ്പത്തികവര്‍ഷം 6.75ല്‍ എത്തിക്കുകയും 2018-19 സാമ്പത്തികവര്‍ഷത്തിലേത് 7 മുതല്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്യും” 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു. 2017-18 വര്‍ഷങ്ങളില്‍ നടത്തിയ പരിഷ്കാരങ്ങള്‍ അടുത്ത വര്‍ഷത്തോടെ കരുത്ത് പ്രാപിക്കും എന്നും സര്‍വ്വേ അവകാശപ്പെടുന്നു.
Watch LIVE : Press Conference By Chief Economic Advisor, @arvindsubraman on #EconomicSurvey2018 https://t.co/nP5yoiivb4
— PIB India (@PIB_India) January 29, 2018
2014-15 മുതല്‍ 2017-19 കാലയളവില്‍ ജിഡിപി ശരാശരി 7.3 ശതമാനം ആയിരുന്നു എന്നും സര്‍വ്വേയില്‍ പറയുന്നു. ലോകത്തെ വലിയ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. വളരെ ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ പദ്ധതി മുന്നോട്ട് വയ്ക്കുമ്പോഴും ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില പോലുള്ള കാര്യങ്ങള്‍ വരും വര്‍ഷത്തെ ജിഡിപിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം ജിഡിപി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളും സര്‍വ്വേയില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ” 2018 ൽ ലോക സാമ്പത്തിക വളർച്ച മിതമായ പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ ജിഎസ്ടിയിൽ വലിയ സ്ഥിരത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, നിക്ഷേപങ്ങളിലെ തിരിച്ചടവ്, ഘടനാപരമായ പരിഷ്കാരങ്ങളിലെ തുടര്‍ച്ച തുടങ്ങിയവ ഉയർന്ന വളർച്ചയ്ക്ക് പിന്തുണ നൽകുന്നതാണ്” സര്‍വ്വേയില്‍ പറയുന്നു.
രാജ്യത്തെ പരോക്ഷ നികുതിദായകരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് സാമ്പത്തിക സര്‍വ്വേയിലുള്ള ചരക്കുസേവന നികുതിയുടെ പ്രാഥമിക വിശകലനത്തിലെ വിലയിരുത്തല്‍.
ഇതാദ്യമായാണ് സാമ്പത്തിക സര്‍വ്വേയില്‍ സംസ്ഥാനങ്ങളുടെ കയറ്റുമതി വിവരങ്ങള്‍ അടങ്ങുന്നത്. ഓരോ സംസ്ഥാനത്തിന്‍റെയും കയറ്റുമതിയും ജീവിതനിലവാരവും തമ്മില്‍ ഏറെ ബന്ധമുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് സര്‍വ്വേ വിവരങ്ങള്‍. “ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളുമായി വ്യവസായത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സമ്പുഷ്ടമാണ് എന്നും സര്‍വ്വേ പറയുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ കയറ്റുമതിയുടെ 70 ശതമാനവും എന്നും സര്‍വ്വേയില്‍ പറയുന്നു.