പാറ്റ്‌ന: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ ചിലര്‍ ഭീതിപടര്‍ത്തുകയാണെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സാമ്പത്തിക മാന്ദ്യമല്ല, സാവന്‍-ഭാദോ മാസങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു കലണ്ടര്‍ പ്രകാരം അഞ്ചും ആറും മാസങ്ങളാണ് സാവനും ഭാദോയും.
”രാജ്യത്ത് പൊതുവെ സാവന്‍, ഭാദോ മാസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാറുണ്ട്. പക്ഷെ ഇക്കൊല്ലം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പരാജയത്തിലെ അമര്‍ഷം തീര്‍ക്കാനായി ഭീതി പടര്‍ത്തുകയാണ്” സുശീല്‍ കുമാര്‍ മോദി പറയുന്നു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. മാന്ദ്യത്തിന് പിന്നില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച 32 റിലീഫ് പാക്കേജുകളും 10 ബാങ്കുകളുടെ ലയനവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാന്ദ്യം ബിഹാറിനെ ബാധിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് വാഹനങ്ങളുടെ വില്‍പ്പനയിലും ഇടിവ് സംഭവിച്ചിട്ടില്ലെന്നും കേന്ദ്രം ഉടനെ തന്നെ മൂന്നാമത്തെ പാക്കേജും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.