രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് പറയുമ്പോൾ അതിനെ സംശയത്തിന്റെ നിഴലിൽ നിർത്തികൊണ്ടാണ് കാർ, ഫോൺ വിപണിയിൽ നിന്നുള്ള വാർത്തകളെത്തുന്നത്. നവരാത്രി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് വിറ്റഴിഞ്ഞ ബെൻസുകളുടെ എണ്ണം 200ൽ അധികമാണ്. അതും ഗുജറാത്ത്, മുംബൈ മാർക്കറ്റുകളിൽ മാത്രമാണ് ഇത്രയധകം കാറുകൾ വിറ്റുപോയതെന്നതും എടുത്തുപറയണം. ആഢംബരത്തിന്റെ മറുപേരായ ബെൻസിന്റെ ആവശ്യക്കാരുടെയെണ്ണം ഓരോ ദിവസവും വർധിക്കുകയാണെന്നും പറയാം.

ഒറ്റദിവസത്തിനുള്ളിലാണ് ജർമ്മൻ ആഢംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ 200ൽ അധികം കാറുകൾ രാജ്യത്തിന്റെ രണ്ടു നഗരങ്ങളിൽ മാത്രം വിറ്റഴിഞ്ഞത്. മുംബൈയിൽ മാത്രം 125 ബെൻസ് കറുകളാണ് വിറ്റഴിഞ്ഞത്. ഇന്ത്യയിൽ ബെൻസിന്റെ ഏറ്റവും ഉയർന്ന വിൽപ്പനയാണിതെന്ന് കമ്പനി പറഞ്ഞു. ഗുജറാത്തിൽ 74 കാറുകൾ ഉപയോക്താക്കളിലേക്ക് എത്തി.

മെഴ്സിഡസ് ബെൻസിന്റെ സി ക്ലാസ് ഇ ക്ലാസ് മോഡലുകളാണ് ഏറ്റവും അധികം വിറ്റുപോയത്. സ്‌പോർട്സ് കാറുകളായ ജിഎൽസി, ജിഎൽഇ വിഭാഗങ്ങൾക്കും ആവശ്യക്കാരുണ്ടായിരുന്നു. ഗുജറാത്തിൽ ഏറ്റവും അധികം വിറ്റുപോയതും സി ക്ലാസ് ബെൻസുകൾ തന്നെ. ഒപ്പം സിഎൽഎ, ജിഎൽഎ മോഡലുകൾക്കും ആവശ്യക്കാർ ഏറെയായിരുന്നു.

അതേസമയം ഇന്ത്യയിൽ മാരുതി സുസുക്കി കാറുകളുടെ ഉൽപാദനം 17.48 ശതമാനമായി കുറച്ചു. കഴിഞ്ഞ മാസം മുതലാണ് കമ്പനി ഉൽപാദനം കുറച്ചത്. മറ്റു പ്രധാന കാർ നിർമാതാക്കളായ ഹുണ്ടായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ടൊയോട്ട, ഹോണ്ട എന്നീ കമ്പനികളടെയും പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുറവ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയിരുന്നു.

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ ഗ്യാലക്സി ഫോൾഡിന്റെ പ്രീ ബുക്കിങ്ങും  പെട്ടന്ന് അവസാനിച്ചിരുന്നു. 1.65 ലക്ഷം രൂപ വിലവരുന്ന ഫോൺ ഒക്ടോബർ നാലിനാണ് പ്രീ ബുക്കിങ്ങിന് എത്തിയത്. വിൽപ്പനയ്ക്കെത്തിയ 1600 ഫോണുകളും 30 മിനിറ്റിൽ ബുക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 11ന് മറ്റൊരു പ്രീ ബുക്കിങ് കൂടി കമ്പനി നടത്തുന്നുണ്ട്. 1.65 ലക്ഷം രൂപ വരുന്ന ഫോൺ ആഢംബര ഫോണുകളുടെ പട്ടികയിലെ ഏറ്റവും പുതിയ അംഗമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook