ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്താൻ ആവശ്യമായ പുതിയ പദ്ധതികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി. “അടുത്ത ആറ് മാസം സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കണം”, സമിതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രത്യേക ഊന്നൽ നൽകേണ്ട പത്ത് മേഖലകളെ കുറിച്ച് സമിതി വിലയിരുത്തിയിട്ടുണ്ട്. “ഇപ്പോഴത്തെ നിലയിൽ സാമ്പത്തിക വളർച്ച താഴേക്ക് പോകാൻ കാരണമായ കാര്യങ്ങൾ സമിതി പരിഗണിക്കുന്നുണ്ട്. ഇത് മറികടക്കാൻ ആവശ്യമായ ശുപാർശകൾ സമിതി പ്രധാനമന്ത്രിക്ക് നൽകും”, ചെയർമാൻ ബിബേക് ദിബ്രോയ് പറഞ്ഞു.

സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക നയം, പൊതുചെലവ്, സാമ്പത്തിക വളർച്ച നിരീക്ഷണം, കൃഷി തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയാണ് സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ട് തയാറാക്കുന്നത്.

വിവിധ വകുപ്പുകളുമായും സാമ്പത്തിക വിദഗ്‌ധരുമായും കൂടിയാലോചിച്ചാവും സമിതി വിശദമായ റിപ്പോർട്ട് സമർപ്പിക്കുക. സുർജിത്ത് ബല്ല, രതിൻ റോയ് എന്നിവർക്ക് പുറമേ നീതി ആയോഗിന്റെ പ്രിൻസിപ്പൽ അഡ്വൈസർ രതൻ വതൽ എന്നിവരാണ് സമിതിയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ