ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിനു താഴേക്കു കൂപ്പുകുത്തിയതായി സാമ്പത്തിക വിദഗ്ധരുടെ വിശകലനം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ നൊമുറ ഹോള്‍ഡിങ്സ് ഇന്‍ കോര്‍പറേറ്റഡ്, കാപിറ്റല്‍ ഇക്കണോമിക്‌സ് ലിമിറ്റഡ് എന്നിവയിലെ സാമ്പത്തിക വിദഗ്ധ സംഘത്തിന്റെ വിശകലനമാണു പുറത്തുവന്നിരിക്കുന്നത്. ബ്‌ളൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.2 മുതല്‍ 4.7 ശതമാനം വരെയായിരിക്കുമെന്നാണ് ഈ സംഘത്തിന്റെ വിശകലനം. വളര്‍ച്ചാനിരക്ക് സംബന്ധിച്ച കണക്കുകള്‍ 29-നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
Read Also: ആളുകള്‍ കല്യാണം കഴിക്കുന്നുണ്ടല്ലോ, പിന്നെയെന്ത് സാമ്പത്തിക പ്രതിസന്ധി?: കേന്ദ്ര മന്ത്രി
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഡേറ്റക്കായുള്ള അടിസ്ഥാന വര്‍ഷം 2012 ആയി നിശ്ചയിച്ചശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലെത്തുന്നത് ഇതാദ്യമായിട്ടായിരിക്കും. ജൂണ്‍ വരെയുള്ള മൂന്നു മാസത്തെ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായിരുന്നു.
സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കാൻ റിസര്‍വ് ബാങ്ക് ഈ വര്‍ഷം അഞ്ചുതവണയാണു പലിശ നിരക്ക് കുറച്ചത്. ഡിസംബറില്‍ ആര്‍ബിഐ വലിയ തോതില്‍ നിരക്ക് കുറയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേശക സൗമ്യ കാന്തി ഘോഷ് പറഞ്ഞു. എന്നാല്‍ നിരക്കുകള്‍ കുറയ്ക്കുന്നത് ഏതെങ്കിലും പെട്ടെന്നുള്ള ഉണര്‍വിന് ഇടയാക്കില്ലെന്നും അവര്‍ പറഞ്ഞു.
Read Also:സാമ്പത്തിക മാന്ദ്യം: ഇന്ത്യയിലെ സ്ഥിതി രൂക്ഷമെന്ന് ഐഎംഎഫ്