ന്യൂഡൽഹി: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗൺസിലി​​ന്റെ ആദ്യ യോഗം ചേർന്നു. രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്​ ഉപദേശക സമിതിയും സ്ഥീരീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച്​ യോഗം ചർച്ച ചെയ്​തു. എന്ത്​ കൊണ്ടാണ്​ വളർച്ച കുറഞ്ഞതെന്ന്​ വെളിപ്പെടുത്താൻ കൗൺസിൽ ​ചെയർമാൻ ബിബേക്​ ദിബ്രോയ്​ തയാറായില്ല. എന്നാൽ സാമ്പത്തിക രംഗത്ത്​ ചില പുതിയ നയങ്ങൾ നടപ്പാക്കുമെന്ന്​ അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയെന്നതാണു സമിതിയുടെ പ്രഥമ ലക്ഷ്യമെന്നും ബിബേക്​ ദിബ്രോയ് പറഞ്ഞു. സാമ്പത്തിക മേഖലയിലെ തളർച്ച പരിഹരിക്കുന്നതിനായി അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും. പണ, നികുതി നയങ്ങൾ, കൃഷി, സാമൂഹിക മേഖല തുടങ്ങിയവയിൽ സർക്കാർ വരുത്തിയ ഇളവുകളും സാമ്പത്തിക മേഖലയെ തളർത്തിയെന്നും സമിതി വിലയിരുത്തി. സാമ്പത്തിക മേഖലയുടെ വളർച്ച ഉറപ്പുവരുത്താൻ മറ്റ് ഏജൻസികൾക്കും പ്രധാനമന്ത്രിയുടെ സമിതി നിർദേശം നൽകുമെന്നും ദെബ്റോയി പറഞ്ഞു.

രാജ്യത്തി​​​െൻറ ജി.ഡി.പി വളർച്ച മൂന്ന്​ വർഷത്തിനിടയിലെ താഴ്​ചയിലേക്ക്​ എത്തിയതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്​ വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾക്കിടെയാണ്​ പ്രധാനമന്ത്രിയുടെ സാമ്പത്തിക കൗൺസിലി​​​െൻറ ആദ്യ യോഗം ചേരുന്നത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ