ചെന്നൈ: ഇപ്പോഴത്തെ കോവിഡ് -19 വ്യാപനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്ര ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി. നിരുത്തരവാദപരമായ പെരുമാറ്റത്തിന് കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ തടയാതിരുന്നതിന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയുടെയും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെയും ആദ്യ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ചു. “ഇന്നത്തെ അവസ്ഥയ്ക്ക് നിങ്ങൾക്ക് മാത്രമാണ് ഉത്തരവാദിത്തം,” എന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷനെ ലക്ഷ്യമിട്ട് പറഞ്ഞു.
“നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരം പ്രയോഗിക്കുന്നതിനുള്ള പരിമിതികളില്ല. കോവിഡ് പ്രോട്ടോക്കോൾ സംരക്ഷിക്കണമെന്ന കോടതി ആവർത്തിച്ചുള്ള ഉത്തരവുണ്ടായിട്ടും ‘രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്നത് തടയാൻ നിങ്ങൾ ഒരു നടപടിയും സ്വീകരിച്ചില്ല,” ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ മറ്റൊരു ഗ്രഹത്തിലായിരുന്നോ” എന്നും കോടതി ആരാഞ്ഞു.
Read More: തയാറെടുപ്പുണ്ടായില്ല; നിരവധി സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തിനു മുൻപ് പ്രത്യേക കോവിഡ് സെന്ററുകൾ പൂട്ടി
വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിന് തന്റെ മണ്ഡലമായ കരൂരിൽ ആൾക്കൂട്ടമുണ്ടാവുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്തി എംആർ വിജയഭാസ്കർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 77 സ്ഥാനാർത്ഥികളാണ് കരൂരിൽ നിന്ന് ജനവിധി തേടിയത്.
“അതിജീവനവും സംരക്ഷണവും” ആണ് ഇപ്പോൾ പ്രധാനമെന്നും “മറ്റെല്ലാം വരുന്നത് അതിനു ശേഷമാണ്” എന്നും കോടതി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നത് ഉറപ്പാക്കാനുള്ള കരട് മേയ് രണ്ടിനു മുമ്പ് തയാറാക്കുന്നതിൽ കമ്മിഷൻ പരാജയപ്പെട്ടാൽ വോട്ടെണ്ണൽ നിർത്താൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
Read More: കോവിഡ് 19 സംബന്ധിച്ച ‘തെറ്റായ വാർത്തകൾ’ നീക്കം ചെയ്യണം; സമൂഹമാധ്യമങ്ങളോട് കേന്ദ്ര സർക്കാർ
“മേയ് രണ്ടിനു നടക്കുന്ന വോട്ടെണ്ണൽ കോവിഡിന്റെ കൂടുതൽ കുതിച്ചുചാട്ടത്തിന് ഉത്തേജകമായി മാറരുത്. പൊതുജനാരോഗ്യം പരമപ്രധാനമാണ്. ഇക്കാര്യം ഭരണഘടനാ അധികാരികളെ ഓർമിപ്പിക്കേണ്ടി വരുന്നത് സങ്കടകരമാണ്,” കോടതി പറഞ്ഞു. കേസ് ഏപ്രിൽ 30 ന് വീണ്ടും പരിഗണിക്കും.