ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഇലക്ഷന് കമ്മിഷന് ഓഫ് ഇന്ത്യ (ഇസിഐ) രണ്ട് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. ‘സാങ്കേതികവിദ്യയുടെ ഉപയോഗവും തിരഞ്ഞെടുപ്പ് സമഗ്രതയും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യുഎസ് നേതൃത്വത്തിലുള്ള സമ്മിറ്റ് ഫോര്‍ ഡെമോക്രസി പ്ലാറ്റ്ഫോമിന് കീഴില്‍ ഇസിഐ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ സമ്മേളനമായിരിക്കും ഇത്, 11 രാജ്യങ്ങളില്‍ നിന്നുള്ള 50 പ്രതിനിധികള്‍ പങ്കെടുത്ത ആദ്യ സമ്മേളനം ഒക്ടോബറില്‍ നടന്നിരുന്നു.
ആഭ്യന്തര കുടിയേറ്റക്കാരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നതിന് വിദൂര വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇസിഐ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് സമ്മേളനം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നിര്‍ദേശത്തില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പറിയിച്ചിരുന്നു. സമ്മേളനത്തില്‍ അംഗോള, അര്‍ജന്റീന, അര്‍മേനിയ, ഓസ്ട്രേലിയ, ചിലി, ക്രൊയേഷ്യ, ഡൊമിനിക്ക, ഫിജി, ജോര്‍ജിയ, ഇന്തോനേഷ്യ, കിരിബാത്തി, മൗറീഷ്യസ്, നേപ്പാള്‍, പരാഗ്വേ, പെറു, ഫിലിപ്പീന്‍സ്, സുരിനാം എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങളില്‍/ഇഎംബികളില് നിന്നുള്ള 43 പേര് പങ്കെടുക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ നിരവധി വിദേശ മിഷനുകളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസിഐ പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് ദിവസത്തെ സമ്മേളനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സാങ്കേതിക സെഷനില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ അധ്യക്ഷനാകും. ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഫോര്‍ ഇലക്ടറല്‍ സിസ്റ്റംസ്, ഇന്റര്‍നാഷണല്‍ ഐഡിയ എന്നീ രണ്ട് അന്താരാഷ്ട്ര സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കും.