ന്യൂഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ തിരഞ്ഞെടുപ്പിൽ നിന്ന് ആജീവനാന്ത കാലത്തേക്ക് വിലക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. അശ്വിനി ഉപാദ്ധ്യായ സുപ്രീം കോടതിയിൽ സമമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരത്തിൽ നിലപാടെടുത്തത്. സത്യവാങ്ങ്മൂലത്തിൽ, അശ്വിനിയുടെ ഹർജി “എതിർക്കപ്പെടേണ്ടതല്ലെന്ന്” കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎ മാർ എംപി മാർ എന്നിവർക്കെതിരായ വിചാരണകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണമെന്നും, കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ തിരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ഇതിന് മുകളിൽ വെള്ളിയാഴ്ച കോടതി വാദം കേൾക്കും. ജനപ്രാതിനിധ്യ നിയമപ്രകാരം ഇന്ത്യയിൽ രണ്ടോ അതിലധികമോ വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടവർക്ക് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി പിന്നീട് ആറ് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല.

“സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഇത്തരം നിബന്ധനകൾ വളരെയേറെ ഗുണം ചെയ്യും. അത് ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥിതിയെ യാഥാർത്ഥ്യമാക്കുമെന്നും” ഇലക്ഷൻ കമ്മിഷൻ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള ആലോചനകൾ കമ്മിഷന് ഉണ്ട്. മോഷണം ഗുരുതരമായ കുറ്റമായാണ് കാണുന്നത്. വോട്ടെടുപ്പിന്റെ 48 മണിക്കൂർ മുൻപ് ഒരു പരസ്യവും അനുവദിക്കില്ല. പണം നൽകി വാർത്ത പ്രസിദ്ധീകരിക്കുന്നത് തടയുക തുടങ്ങിയ നിബന്ധനകൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണ്.

അതേസമയം പ്രായവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച ഹർജിയിലെ ആവശ്യത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഡൽഹിയിലെ ബിജെപി വക്താവും അഭിഭാഷകനുമാണ് അശ്വിനി ഉപാദ്ധ്യായ. ജനാധിപത്യത്തിൽ വ്യക്തികൾക്കുള്ള തുല്യ അവകാശമാണ് കുറ്റവാളികളായ ആളുകൾക്ക് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നത് വഴി ഇല്ലാതാക്കപ്പെടുന്നതെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook