ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാരെ വശീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന പരാതിയില്‍ ഗുജറാത്ത് ഗവണ്‍മെന്റില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് മണിക്കൂറുകള്‍ക്ക് അകമാണ് നടപടി. തിങ്കളാഴ്ച്ചയ്ക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടരിയെ അറിയിച്ചു. എംഎല്‍എമാര്‍ക്കും അവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കൂറുമാറുമെന്ന സംശയത്തെ തുടർന്ന് ഗുജറാത്തിലെ 38 കോൺഗ്രസ് എംഎൽഎമാരെ നേതൃത്വം കർണ്ണാടകയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ബിജെപി ഇവരെ സ്വാധീനിക്കാൻ ശ്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിലായിരുന്നു കോൺഗ്രസ് നീക്കം. ഓഗസ്റ്റ് എട്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എംഎൽഎമാർ ബെംഗളൂരുവിൽ തുടരുമെന്നാണ് വാർത്തകൾ.

ആകെ 57 എംഎൽഎ മാരാണ് ഗുജറാത്തിൽ കോൺഗ്രസിനുള്ളത്. പ്രധാന നേതാവായിരുന്ന ശങ്കർ സിങ് വഗേല പാർട്ടി വിട്ടതോടെ ഇദ്ദേഹത്തിന്റെ അടുപ്പക്കാരായ ആറ് പേർ കൂടി രാജിവച്ച് ബിജെപിയിലെത്തി. ബാക്കിയുളള 51 എംഎൽഎ മാരിൽ പതിനഞ്ച് പേർ കൂടി ബിജെപി പാളയത്തിലേക്ക് പോകുമെന്ന റിപോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ നീക്കം. ശനിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ കോൺഗ്രസ് നേതൃത്വം എംഎൽഎ മാരെ ബെംഗളൂരുവിലേക്ക് എത്തിച്ചത്.

44 എംഎൽഎമാർ എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും 38 പേരാണ് എത്തിയത്. മറ്റുള്ളവർ പുറകേ വരുമെന്നാണ് ഇന്നലെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിൽ നൽകിയ വിശദീകരണം. ഗുജറാത്തിൽ എംഎൽഎ മാരെ താമസിപ്പിക്കുന്നതിനേക്കാൾ നല്ലത്, കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകത്തിൽ ഇവരെ താമസിപ്പിക്കുന്നതാണെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി വിലയിരുത്തൽ.

മോഹനവാഗ്ദാനങ്ങൾ നൽകി എംഎൽഎ മാരെ ബിജെപി ചാക്കിട്ടുപിടിക്കുകയാണെന്നാണ് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തിയത്. ഓഗസ്റ്റ് 8ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.

47 എംഎൽഎ മാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അഹമ്മദ് പട്ടേലിന് വിജയിക്കാനാവൂ. എംഎൽഎമാർ രാജിവച്ചാൽ ഇത് നടക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook