scorecardresearch
Latest News

ഗുജറാത്തിൽ വോട്ടിങ് മെഷീനിൽ തിരിമറി? ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ടെന്നതിന് തെളിവുമായി കോൺഗ്രസ്

സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ തെളിവായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്

Voting Machine

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പല മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ട് എന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. പോര്‍ബന്തറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ജുന്‍ മൊദാവാഡിയ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ തെളിവായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പോര്‍ബന്തറിലെ വോട്ടിങ് യന്ത്രങ്ങള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് എന്നാണ് വെളിപ്പെടുത്തല്‍. സൂറത്തിലും അംറേലിയിലും ഇവിഎമ്മില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ശക്തിസിന്‍ ഗോഹില്‍ നേരത്തെ ആരോപിച്ചിരുന്നു.

പലയിടത്തും വിവി പാറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ഇവിടെയെല്ലാം അട്ടിമറി നടന്നതാകാന്‍ സാധ്യതയുണ്ട്. പട്ടിദാര്‍ വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള മേഖലകളിലും അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നല്‍സാദ് ജില്ലയിലാണ് വോട്ടിങ് യന്ത്രത്തിലെ പിഴവ് ആദ്യമായി രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സൂറത്തിലെ തന്നെ 70 വോട്ടിങ് മെഷീനുകള്‍ക്ക് തകരാറുകള്‍ രേഖപ്പെടുത്തുകയായിരുന്നു.

രാജ്‌കോട്ട്, പോര്‍ബന്തര്‍, എന്നിവിടങ്ങളില്‍ നിന്നും ഇവിഎം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അധികൃതര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. രാജ്‌കോട്ടില്‍ തന്നെ അമ്പതോളം വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി. വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ ആദ്യത്തെ മണിക്കൂറുകളിലെ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചു. പല ബൂത്തുകളിലും തിരഞ്ഞെടുപ്പ് ആരംഭിക്കാനും വൈകിയത് വോട്ടര്‍മാരില്‍ എതിര്‍പ്പും അസ്വസ്ഥതയും ഉണ്ടാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ec rebukes modhvadias claims that evms could be connected by bluetooth