ചെന്നൈ: കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കമ്മീഷനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കാനാവുമെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
മദ്രാസ് ഹൈക്കോടതിയുടെ അഭിപ്രായം “അപലപനീയവും നിന്ദ്യവുമാണ്” എന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കവെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ തടയാതിരുന്ന കമ്മീഷന്റെ നടപടി നിരുത്തരവാദപരമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി വിമർശിച്ച മദ്രാസ് ഹൈക്കോടതി കൊലപാതകക്കുറ്റം ചുമത്തേണ്ടതാണെന്ന് പറഞ്ഞിരുന്നു.
Read More: കോവിഡ് വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷൻ; കൊലക്കുറ്റം ചുമത്താം: മദ്രാസ് ഹൈക്കോടതി
“നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരം പ്രയോഗിക്കുന്നതിനുള്ള പരിമിതികളില്ല. കോവിഡ് പ്രോട്ടോക്കോൾ സംരക്ഷിക്കണമെന്ന കോടതി ആവർത്തിച്ചുള്ള ഉത്തരവുണ്ടായിട്ടും ‘രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്നത് തടയാൻ നിങ്ങൾ ഒരു നടപടിയും സ്വീകരിച്ചില്ല,” ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ മറ്റൊരു ഗ്രഹത്തിലായിരുന്നോ” എന്നും കോടതി ആരാഞ്ഞു.
“കോവിഡ് -19 പ്രോട്ടോക്കോൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ തടയാതിരിക്കുന്ന കമ്മീഷൻ ഏറ്റവും നിരുത്തരവാദപരമായ തരത്തിലാണ് പ്രവർത്തിക്കുന്നത്” എന്ന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയുടെയും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെയും ബെഞ്ച് പറഞ്ഞിരുന്നു.
കോവിഡ് -19 കേസുകളുടെ വർദ്ധനവിന് കമ്മീഷനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി നിരസിച്ചിരുന്നു.