/indian-express-malayalam/media/media_files/uploads/2022/10/Election-Commission1.jpg)
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടക്കും. നവംബർ 12 നാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കമ്മിഷൻ പ്രഖ്യാപിച്ചില്ല. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മിഷൻ അറിയിച്ചു.
കാലാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഹിമാചലിലെ തീയതി നേരത്തെ പ്രഖ്യാപിച്ചതെന്നു കമ്മിഷൻ അറിയിച്ചു. കഴിഞ്ഞ തവണയും രണ്ടു സംസ്ഥാനങ്ങളിലും ഒരുമിച്ചല്ല തീയതി പ്രഖ്യാപിച്ചതെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികളുമായും വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സുരക്ഷിതമായ തിരഞ്ഞെടുപ്പിനായി മാർഗനിർദേശങ്ങൾ പുതുക്കി. വോട്ടിങ് ശതമാനം ഉയർത്താൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
വർഷത്തിൽ ഒരു തവണ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന രീതി മാറ്റി. ഇനി മുതൽ വർഷത്തിൽ നാല് തവണ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
2023 ഫെബ്രുവരി 18 നാണ് ഗുജറാത്ത് സർക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരുമുണ്ട്.
2023 ജനുവരി എട്ടിനാണ് ഹിമാചൽ പ്രദേശ് സർക്കാരിന്റെ കാലാവധി കഴിയുക. നിയമസഭയിൽ ബിജെപിക്ക് 45 എംഎൽഎമാരും കോൺഗ്രസിന് 20 എംഎൽഎമാരുമാണുള്ളത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയും സെപ്റ്റംബറിൽ ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ സന്ദർശിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. ഗുജറാത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും ദേശീയ പാർട്ടി പ്രതിനിധികളെയും അവർ കാണുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.