ന്യൂഡല്‍ഹി: വികെ ശശികലയെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരെ പനീര്‍സെല്‍വം വിഭാഗം നൽകിയ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ വിശദീകരണം തേടി. ഫെബ്രുവരി 28നകം ശശികല വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അറിയിച്ചു.

ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ഡോ. വി മൈത്രേയനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ശശികലയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്കാണ് അയച്ചിട്ടുള്ളത്.

ശശികലയുടെ നിയമനം അസാധുവാക്കണമെന്നാണ് രാജ്യസഭാംഗമായ മൈത്രേയന്‍ പരാതിയില്‍ പറയുന്നത്. പാര്‍ട്ടി നിയമാവലി അനുസരിച്ച് ജനറല്‍ സെക്രട്ടറിയെ പ്രാഥമിക അംഗങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍, ജനറല്‍ കൗണ്‍സിലാണ് അനധികൃതമായി ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയത്. നയപരിപാടികള്‍ രൂപപ്പെടുത്താന്‍ അധികാരപ്പെട്ട സമിതി തെരഞ്ഞെടുപ്പ് നടത്തിയത് അന്യായമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ