ന്യൂഡല്‍ഹി: കോവിഡ് -19 മൂന്നാം തരംഗത്തിനിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ റോഡ് ഷോകള്‍ക്കും റാലികള്‍ക്കും വിലക്ക്. രാജ്യത്ത് കഴിഞ്ഞ രണ്ടു ദിവസമായി ഒരു ലക്ഷത്തിലധികമാണു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം. ഒമിക്രോണ്‍ കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തലാണു റാലികള്‍ക്കും റോഡ് ഷോകള്‍ക്കും 15 വരെ തിരഞ്ഞെടുപ്പ് കമ്മിഷന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടത്തിനൊപ്പം പോളിങ് ബൂത്തുകളില്‍ പാലിക്കേണ്ട കോവിഡ് -19 പ്രോട്ടോക്കോളുകളും കമ്മിഷന് പ്രഖ്യാപിച്ചു. കോവിഡ് കണക്കിലെടുത്ത് പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ 1500 വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഓരോ ബൂത്തും. വോട്ടര്‍മാരുടെ എണ്ണം 1,250 ആയി കുറച്ചുകൊണ്ടാണ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുക. കൂടാതെ, പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടുകയും ചെയ്തു.
Also Read: അഞ്ച് സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായി വോട്ടെടുപ്പ്; മാർച്ച് പത്തിന് ഫലമറിയാം
കോവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര ഊന്നിപ്പറഞ്ഞു. വാക്സിനേഷന്റെ വേഗത വര്‍ധിപ്പിക്കാന്‍ അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പാലിക്കേണ്ട പൊതു മാര്‍ഗനിര്‍ദേശങ്ങള്‍
- തിരഞ്ഞെടുപ്പ് റോഡ് ഷോകളും റാലികളും 15 വരെ പാടില്ല
- സ്ഥാനാര്‍ത്ഥികള്‍ വീടുവീടാന്തരം നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരമാവധി അഞ്ചുപേര്‍
- ഫലപ്രഖ്യാപനത്തിനുശേഷം വിജയാഹ്ളാദ പ്രകടനം അനുവദിക്കില്ല
- തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും വാക്സിന്റെ ഇരു ഡോസുകളും എടുത്തിരിക്കണം
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതു പ്രവര്‍ത്തനത്തിലും എല്ലാവരും മാസ്ക് ധരിക്കണം
- തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹാള്‍/മുറി/ പരിസരത്ത് പ്രവേശിക്കുമ്പോള്‍ താപനില പരിശോധിക്കണം. സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ ലഭ്യമാക്കണം. സാമൂഹിക അകലം പാലിക്കണം
- സാധ്യമാകുന്നിടത്തോളം, വലിയ ഹാളുകള്‍ കണ്ടെത്തി സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ഉപയോഗിക്കണം.
- കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോളിങ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഞ്ചാരത്തിന് ആവശ്യമായ വാഹനങ്ങള്‍ ലഭ്യമാക്കണം
- മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലും കോവിഡ് അനുബന്ധ ക്രമീകരണങ്ങളുടെയും പ്രതിരോധ നടപടികളുടെയും മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാനത്തിനും ജില്ലയ്ക്കും നിയമസഭാ മണ്ഡലത്തിനും നോഡല്‍ ഹെല്‍ത്ത് ഓഫീസറെ നിയമിക്കും.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍, വിവി പാറ്റ് യന്ത്രങ്ങള്‍ എന്നിവ തയാറാക്കല്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ എന്നിവ സംബന്ധിച്ച കോവിഡ് പ്രതിരോധ നടപടികളും പോളിങ് ബൂത്തിലെ പ്രതിരോധ സൗകര്യങ്ങളും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴു ഘട്ടമായാണു വോട്ടെടുപ്പ്.
യുപിയില്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 ന് ഒറ്റഘട്ടമായും മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് മൂന്നിനും രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് 10നാണു വോട്ടെണ്ണല്‍.