മദ്ധ്യപ്രദേശിലെ ബിജെപി മന്ത്രി നരോതാം മിശ്രയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകൾ സംബന്ധിച്ച് കള്ളക്കണക്കുകൾ സമർപ്പിച്ചതിനാണ് നരോതാം മിശ്രയെ കമ്മീഷൻ അയോഗ്യനാക്കിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ വിശ്വസ്തനാണ് അയോഗ്യനാക്കപ്പെട്ട നരോതാം മിശ്ര. 2008ൽ നടന്ന തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ് ഇദ്ദേഹം തിരിമറി കാട്ടിയത്. ഇന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ അയോഗ്യനാക്കിയത്. മിശ്ര മത്സരിച്ച ദതിയ മണ്ഡലത്തിലെ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി.

കോൺഗ്രസ് നേതാവ് രാജേന്ദ്ര ഭാരതി സമർപ്പിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടായിരിക്കുന്നത്. 2013 ജനുവരി 15ന് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ മിശ്രയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മിശ്ര ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ആരോപണങ്ങൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് നിരസിക്കുകയായിരുന്നു.

മദ്ധ്യപ്രദേശിലെ ബിജെപിയുടെ മുതിർന്ന നേതാവാണ് നരോതാം മിശ്ര. ഇദ്ദേഹത്തിന് എതിരായ നടപടി മദ്ധപ്രദേശിൽ രാഷ്ട്രീയമായി ബിജെപിക്ക് തിരിച്ചടിയാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ