ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കേന്ദ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു തീരുമാനം.
വധശ്രമക്കേസില്‍ 10 വർഷം ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ മുഹമ്മദ് ഫൈസലിനെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ ഉടന്‍ സഭാംഗത്വം റദ്ദാകുമെന്ന സുപ്രീം കോടതിയുടെ മുന്‍ വിധിയുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.
കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി വന്ന ജനുവരി 11 മുതലാണു ഫൈസലിനെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയത്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരവും ഭരണഘടനയുടെ 102-ാം അനുച്ഛേദത്തിലെ (എല്‍) (ഇ) വകുപ്പുകള്‍ പ്രകാരമാവുമാണ് ഈ തീരുമാനമെടുത്തത്.
ഇതിനു പിന്നാലെ ജനുവരി 18നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27-നാണു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന്, ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു.
കവരത്തി സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായും ക്രിമിനല്‍ കേസിലെ ശിക്ഷ സ്റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യത നീങ്ങുമെന്നും ചൂണ്ടിക്കാട്ടിയാണു മുഹമ്മദ് ഫൈസല്‍ ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്നു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു തീരുമാനമെടുക്കാമെന്നു കോടതി പറഞ്ഞു.
ജനുവരി 25നു ഹൈക്കോടതി ശിക്ഷ സസ്‌പെന്‍ഡ് ചെയ്തതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫൈസല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്നു ഹൈക്കോടതി ഉത്തരവ് പരിഗണിക്കണമെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചത്.
”ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത ജനുവരി 25-ലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ച്, ലക്ഷദ്വീപ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനും വിജ്ഞാപനം പുറപ്പെടുവിപ്പിക്കുന്നതു മരവിപ്പിക്കാനും തീരുമാനിച്ചു,” കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
2009ലെ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സാലിഹിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്ന കേസിലാണു മുഹമ്മദ് ഫൈസലും സഹോദരനും ഉള്‍പ്പെടെ നാലു പേരെ കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സഈദിന്റെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് സാലിഹ്.