ന്യൂഡൽഹി: രണ്ടില ചിഹ്നം അനുവദിച്ചുകിട്ടുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർക്കു കോഴ നൽകാൻ ശ്രമിച്ച കേസിൽ അണ്ണാ ഡിഎംകെ (അമ്മ) നേതാവ് ടി.ടി.വി.ദിനകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചയ്തു. ഇന്നലെ അർധരാത്രിയാണ് ദിനകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലു ദിവസമായി ദിനകരനെ ക്രൈബ്രാഞ്ച് ഡൽഹിയിൽ ചോദ്യം ചെയ്തു വരികയായിരുന്നു. ദിനകരന്റെ സഹായി മല്ലികാർജുനനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇരുവർക്കെതിരെയും ചുമത്തിയിട്ടുളളത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ദിനകരനെതിരെ വേണ്ടത്ര തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നു പ്രത്യേക കോടതി ജഡ്ജി പൂനം ചൗധരി ‍ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിനോടു ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹി പൊലീസ് ദിനകരനെ അറസ്റ്റ് ചെയ്തത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ.നഗറിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ദിനകരനായിരുന്നു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്ക് വ്യാപകമായി പണം നല്‍കിയെന്ന ആരോപണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മിഷൻ റദ്ദാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ