ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 21നാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബർ 21ന് നടക്കും. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്.

ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കു.
ഹരിയാന നിയമസഭയുടെ കാലാവധി നവംബർ രണ്ടിനാണ് അവസാനിക്കുന്നത്. 90 സീറ്റുകളാണ് ഹരിയാന സംസ്ഥാനത്ത് ഉള്ളത്. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ എട്ടിനും അവസാനിക്കും. രണ്ടും ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. രണ്ടിടത്തം ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നുണ്ട്.