ന്യൂഡല്‍ഹി: ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന വിഭാഗത്തിന് ശിവസേന (ഉദ്ദവ് ബാലാ സാഹേബ് താക്കറെ) എന്ന പേര് നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. അന്ധേരി ഈസ്റ്റ് അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയാണിത്. തീപ്പന്തമാണ് പാര്‍ട്ടിക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം.
മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ബാലാസാഹേബാഞ്ചി ശിവസേന എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഷിന്‍ഡെ വിഭാഗത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല.
പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശിവസേനയുടെ ‘വില്ലും അമ്പും’ ചിഹ്നം മരവിപ്പിക്കുകയും താക്കറെ വിഭാഗത്തെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വിഭാഗത്തെയും അത് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഇരുവിഭാഗങ്ങളോടും പാര്‍ട്ടിക്ക് നല്‍കുന്നതിനായി മൂന്ന് വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും തിങ്കളാഴ്ചയ്ക്കകം നിര്‍ദേശിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
എന്നിരുന്നാലും, കമ്മിഷന്റെ ഒക്ടോബർ എട്ടിലെ ഉത്തരവ് സ്വാഭാവിക നീതിയുടെ പൂർണ്ണമായ ലംഘനമാണെന്നും കക്ഷികളുടെ വാദം കേള്‍ക്കാതെയാണ് പാസാക്കിയതെന്നും താക്കറെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.