കിൻഷാസ: ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം വ്യാപിക്കുന്നു. രോഗം ബാധിച്ച മൂന്നു പേർ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. എംബൻഡക നഗരത്തിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന മൂന്നു പേരാണു ചാടിപ്പോയത്. ഇവരില്‍ രണ്ട് പേര്‍ മരിച്ചു. മൂന്നാമത്തെയാള്‍ ആരോഗ്യകേന്ദ്രത്തിലേക്ക് മടങ്ങി എത്തി.

കുടുംബാംഗങ്ങള്‍ രോഗികളായ ഇവരെ പളളിയിലേക്ക് പ്രാര്‍ത്ഥനകള്‍ക്കായി കൊണ്ടു പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചാടിപ്പോയത്. ചിലരെ കുടുംബം പളളിയിൽ കൊണ്ടു പോയി. എബോളബാധ തടയാൻ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഒരു നഴ്സ് ഉൾപ്പെടെ 27 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്.

2014-15 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോൾ ഏകദേശം 11,000 പേരാണ് മരിച്ചത്. അന്ന് ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലും എബോള പടർന്ന് പിടിച്ചിരുന്നു.

1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook