ലക്‌നൗ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പാത പിന്തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിനായി സംസ്ഥാനത്തുടനീളം ‘അന്നപൂർണ ഭോജനാലയങ്ങൾ’ സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസ് പദ്ധതി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. യുപിയിൽ ഒരാളും വിശന്നിരിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പ്രഭാതഭക്ഷണം മൂന്നു രൂപയ്ക്കും ഉച്ചയൂണും രാത്രിയിലത്തെ ഭക്ഷണവും അഞ്ചു രൂപയ്ക്കും അന്ന പൂർണ ഭോജനാലയത്തിൽനിന്നും കഴിക്കാം. സംസ്ഥാനത്തുടനീളമായി 200 ഭക്ഷണശാലകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കാനാണ് നീക്കം. തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഭക്ഷണശാലകൾ എൻജിഒകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുക. അടുത്ത ഏതാനും ആഴ്ചകൾക്കുളളിൽ പദ്ധതി നടപ്പിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചതായാണ് വിവരം.

സബ്സിഡിനിരക്കിൽ പാവപ്പെട്ടവർക്ക് ഭക്ഷണം ലഭിക്കുന്ന പദ്ധതി ആദ്യമായി നടപ്പിലാക്കിയത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ്. അമ്മ കാന്റീനുകൾ എന്ന പേരിലായിരുന്നു ഭക്ഷണശാലകൾ തുടങ്ങിയത്. എന്നാൽ യുപിയിലെ ഭക്ഷണശാലകൾക്ക് യോഗി ആദിത്യനാഥിന്റെ പേരല്ല നൽകിയിരിക്കുന്നത്. രാജസ്ഥാനിലും ബിജെപി സർക്കാർ പാവപ്പെട്ടവർക്കായി സബ്സിഡി നിരക്കിൽ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook