ന്യൂഡൽഹി: യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്‍റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷയും ദിവ്യബലിയും നടന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേല്‍ക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ ദിനങ്ങള്‍ക്ക് ഓരോന്നിനും ലാളിത്യമുണ്ട്, എന്നാല്‍ അതിനുമുണ്ട് സങ്കീര്‍ണതകള്‍.

മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു.

സെന്‍റ് ജോസഫ് കത്തീഡ്രലിൽ നടന്ന തിരു കർമ്മങ്ങൾക്കും ദിവ്യബലിക്കും ആർച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം മുഖ്യകാർമ്മികത്വം വഹിച്ചു. കൊച്ചിയിൽ പറവൂർ മാർത്തോമ പള്ളിയിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ ദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോഴിക്കോടും വിവിധ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ