കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമുള്ള പ്രദേശത്തിന് സമീപം ചൈനയുടെ നിർമാണപ്രവർത്തനങ്ങൾ തുടരുന്നു. എൽഎസിക്ക് സമീപം ചൈനയുടെ വശത്ത് പാങ്കോങ് ത്സോയിൽ ഒരു പുതിയ പാലം ചൈന നിർമ്മിക്കുന്നു. ഇത് എൽഎസിക്ക് അടുത്ത് വടക്കും തെക്കും കരകൾക്കിടയിൽ വേഗത്തിൽ സൈനികരെ വിന്യസിക്കുന്നതിന് ചൈനക്ക് സഹായകമാവും.
തടാകത്തിന്റെ വടക്കൻ കരയിൽ ഫിംഗർ എട്ടിന് കിഴക്ക് 20 കിലോമീറ്ററിലധികം ദൂരത്താണ് പാലം നിർമ്മിക്കുന്നതെന്നാണ് വിവരം. റുട്ടോഗ് കൗണ്ടിയിലെ ഖുർനാക്ക് കോട്ടയുടെ കിഴക്ക് ഭാഗത്താണ് പാലം സ്ഥിതിചെയ്യുന്നത്. ചൈനീസ് സൈന്യമായ പിഎൽഎയുടെ അതിർത്തി താവളങ്ങളുള്ള പ്രദേശമാണ് അത്.
2020 മെയ് മാസത്തിൽ സൈനിക തർക്കം ആരംഭിച്ചതു മുതൽ, ഇന്ത്യയും ചൈനയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പുറമെ, മുഴുവൻ അതിർത്തിയിലും നിരവധി പുതിയ റോഡുകളും പാലങ്ങളും ലാൻഡിംഗ് സ്ട്രിപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
Also Read: ലഖിംപൂര്‍ ഖേരി: കുറ്റപത്രം സമര്‍പ്പിച്ചു, കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലപാതക, ഗൂഢാലോചന കുറ്റം
പ്രദേശത്തെ തടാകമായ പാംഗോങ് ത്സോയ്ക്ക് 135 കിലോമീറ്റർ നീളമുണ്ട്. അതിൽ മൂന്നിൽ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ചൈന പുതിയ പാലം പണിയുന്ന സ്ഥലത്തിന് സമീപമുള്ള ഖുർനാക്ക് കോട്ട, ബൂമറാംഗ് ആകൃതിയിലുള്ള തടാകത്തിന്റെ അടുത്താണ്.
ചരിത്രപരമായി ഇന്ത്യയുടെ ഭാഗമായ ഖുർനാക് കോട്ട 1958 മുതൽ ചൈനയുടെ നിയന്ത്രണത്തിലാണ്.
തർക്കത്തിന്റെ തുടക്കം മുതൽ ചൈന മുഴുവൻ മേഖലയിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകളുടെ വീതി കൂട്ടൽ, പുതിയ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം, പുതിയ താവളങ്ങൾ, എയർസ്ട്രിപ്പുകൾ, അഡ്വാൻസ് ലാൻഡിംഗ് ബേസുകൾ മുതലായവ ഇത്തരത്തിൽ നടക്കുന്നു. കിഴക്കൻ ലഡാക്ക് മേഖലയിൽ മാത്രമല്ല, ഇന്ത്യ-ചൈന അതിർത്തിയിലെ മൂന്ന് മേഖലകളിൽ ചൈന ഇത് ചെയ്യുന്നുണ്ട്.
ഇന്ത്യയും അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ അതിർത്തി പ്രദേശങ്ങളിൽ 100 ലധികം പദ്ധതികൾ പൂർത്തിയാക്കി. അതിൽ ഭൂരിഭാഗവും ചൈനയുടെ അതിർത്തിയോട് ചേർന്നായിരുന്നു. 3488 കിലോമീറ്റർ അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം മെച്ചപ്പെടുത്തുകയും പുതിയ എയർസ്ട്രിപ്പുകളും ലാൻഡിംഗ് ഏരിയകളും നിർമ്മിക്കുകയും ചെയ്യുന്നുണ്ട്.
ലഡാക്ക് അതിർത്തിയിൽ ഇരു രാജ്യങ്ങൾക്കും 50,000 സൈനികർ വീതമുണ്ട്.