ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ നൂറോളം പേര് മരിച്ചതിന്റെ ആഘാതത്തില്‍ ഉലഞ്ഞിരിക്കെയാണ് വീണ്ടും ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലോംബോക്ക് ദ്വീപിലാണുണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായം ഉണ്ടായോ എന്നതിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ നൂറ് കവിഞ്ഞിരിക്കുകയാണ്. ഭൂകമ്പത്തില്‍ ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയും 200 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.
ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് ഇരുപതിനായിരത്തോളം പ്രദേശവാസികളെ ലംബോക്കില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു ദ്വീപിലെ റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്. വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. ചില മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്.
ഇതോടൊപ്പം തന്നെ ദ്വീപില്‍ കുടുങ്ങിയ 1200 സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പരുക്കേറ്റ നൂറുകണക്കിനാളുകളെ ഭൂചലനത്തില്‍ തകര്‍ന്ന ആശുപത്രിയുടെ വളപ്പിലാണു ചികില്സിക്കുന്നത്. ആശുപത്രി തകര്‍ന്നതിനാല്‍ ആശുപത്രിയുടെ പരിസരത്തുണ്ടാക്കിയ താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മിച്ചാണു രോഗികളെ കിടത്തിയിരിക്കുന്നത്.
പസഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. നിരവധി സജീവ അഗ്നിപര്‍വതങ്ങളുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ.