ന്യൂഡൽഹി: ജമ്മു കശ്മീർ, പഞ്ചാബ്, രാജ്യ തലസ്ഥാനാമയ ന്യൂഡൽഹി എന്നിവിടങ്ങളടക്കം ഉത്തരേന്ത്യയുടെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു.പ

ഞ്ചാബിലെ അമൃത്സറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയെന്നുമാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ (എൻ‌സി‌എസ് ) പ്രാഥമിക റിപ്പോർട്ടുകളിൽ പറഞ്ഞത്. എന്നാൽ താജികിസ്താനിലാണ് പ്രഭവകേന്ദ്രമെന്ന് വ്യക്തമാക്കി എൻ‌സി‌എസ്  പുതിയ പ്രസ്താവന പിന്നീട് പുറത്തിറക്കി. 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്.രാത്രി 10.40 ഓടെയാണ് ഭൂകമ്പമുണ്ടായത്.

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടുവെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  ഭൂചലനത്തെ തുടർന്ന് ശക്തമായ ഭൂചലനമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി. അയൽരാജ്യമായ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഭൂകമ്പത്തിൽ സംസ്ഥാനത്ത് നാശനഷമുണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. “അമൃത്സറിലോ അല്ലെങ്കിൽ പഞ്ചാബിലെ മറ്റ് ഭാഗങ്ങളിലോ ഇതുവരെ നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തില്ല. പഞ്ചാബ് പോലിസിന്റെയും പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു,” അമരീന്ദർ സിംഗ് ട്വീറ്റ് ട്വീറ്റ് ചെയ്തു.

Read More: പസഫിക് സമുദ്രത്തിലെ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ശ്രീനഗറിൽ ഭൂകമ്പം അനുഭവപ്പെട്ടതിനെക്കുറിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.  “2005 ലെ ഭൂകമ്പത്തിനുശേഷം ശ്രീനഗറിലെ ഭൂമികുലുക്കങ്ങളൊന്നും എന്നെ വീട്ടിൽ നിന്ന് പുറത്തിറക്കാൻ പര്യാപ്തമായിരുന്നില്ല. ഇപ്പോൾ ഞാൻ ഒരു പുതപ്പും പിടിച്ച് പുറത്തേക്ക് ഓടി. എന്റെ ഫോൺ എടുക്കാൻ മറന്നു. അതിനാൽ ഭൂമി കുലുങ്ങിയ സമയത്ത്  “എർത്ത്ക്വേക്ക്” എന്ന് എനിക്ക് ട്വീറ്റ് ചെയ്യാൻ കഴിഞ്ഞില്ല,” ട്വീറ്റിൽ പറയുന്നു.

പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഖൈബർ-പഖ്തുൻഖ്വ, പഞ്ചാബ് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. “ശക്തമായ ഭൂകമ്പം. എല്ലാവരും സുരക്ഷിതരാണെന്ന് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. അല്ലാഹു നമ്മെയെല്ലാം സംരക്ഷിക്കട്ടെ. ആമീൻ, ” പാകിസ്താനിലെ പി‌എം‌എൽ (എൻ) പാർട്ടി നേതാവ് മറിയം നവാസ് ഷെരീഫ് ട്വീറ്റ് ചെയ്തു,

ഫെബ്രുവരി 8 ന് ജമ്മു കശ്മീരിൽ കുറഞ്ഞ തീവ്രതയുള്ള ഭൂകമ്പം രേഖപ്പെിത്തിയിരുന്നു. 3.5 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി 28 ഡൽഹിയിലും തീവ്രത കുറഞ്ഞ ഭൂകമ്പമുണ്ടായി.  2.8 ആയിരുന്നു തീവ്രത.

കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമാക്കുന്നതായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook