ജക്കാർത്ത: ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ സുനാമി തിരകൾ. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് സുനാമി തിരകൾ നാശം വിതക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയാണ് 7 അടിയോളം ഉയരത്തിൽ തിരമാലകൾ തീരത്തേക്കടിച്ചത്.

മുന്നറിയിപ്പ് നൽകി നിമിഷങ്ങൾക്കകം സുനാമി ഇന്തോനേഷ്യൻ തീരത്തെത്തുകയായിരുന്നു. സുലാവേസി ദ്വീപിലുണ്ടായ തുടർച്ചയായ രണ്ടാം ഭൂകമ്പത്തിന്റെ പശ്ചാതലത്തിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുലാവേസിയിൽ അനുഭവപ്പെട്ടത്.

നേരത്തെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം മാറും മുമ്പേയാണ് പ്രദേശത്ത് വീണ്ടും ശക്തമായ ഭൂകമ്പമുണ്ടായത്. ഇതിന് പിന്നാലെ തുടർ ചലനങ്ങളും അനുഭവപ്പെട്ടു. തുടർന്നാണ് സുലാവേസിയിലെ തീരപ്രദേശത്ത് നിന്നും ആളുകളോട് ഉയർന്ന സ്ഥലത്തേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്.

ഭൂകമ്പത്തിൽ നിരവധി വീടുകൾ തകരുകയും ഒരാൾ മരിക്കുകയും ചെയ്‌തു. 2004ൽ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടർന്നാണ് ലോകത്തിന്രെ പലഭാഗങ്ങളിലും സുനാമിതിരകൾ നാശം വിതച്ചത്.2004ലെ സുനാമിയിൽ 13 രാജ്യങ്ങളിലെ ഏതാണ്ട് രണ്ടര ലക്ഷത്തോളം ആളുകൾ മരിച്ചെന്നാണ് കണക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook