തുര്‍ക്കി: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. മൂന്ന് പേര്‍ മരിച്ചതായും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റതായുമാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചലനങ്ങള്‍ ശക്തമായിരുന്നെന്നും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും രണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. ചലനം ഈജിപ്തിലും ലെബനനിലും അനുഭവപ്പെട്ടതായും വിവരമുണ്ട്.
രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു.
ഒരാള്‍ മരിച്ചതായി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി സ്ഥിരീകരിച്ച സമന്ദാഗില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ നേരത്തെയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഭൂരിഭാഗം ആളുകളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി ആറാം തീയതിയായിരുന്നു രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. 7.8, 7.4 തീവ്രതകളിലുണ്ടായ ഭൂചലനത്തില്‍ 47,000-ലധികം പേരാണ് മരണപ്പെട്ടത്. കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളും പൂര്‍ണമായും നശിച്ചു.
തുര്‍ക്കിയില്‍ മാത്രം 41,156 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3.85 ലക്ഷം അപ്പാര്‍ട്ട്മെന്റുകള്‍ പൂര്‍ണമായും നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര യുദ്ധത്താല്‍ പ്രതിസന്ധി നേരിടുന്ന സിറിയയില്‍ വിവിധ പ്രദേശങ്ങളിലായി മരണപ്പെട്ടത് ആറായിരത്തോളം പേരാണ്.