ലോകാവസാന നാളിനെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ലോകം അവസാനിക്കുന്ന ദിവസത്തെക്കുറിച്ച് അവകാശവാദവുമായി പലരും രംഗത്തുവന്നിട്ടുണ്ടെങ്കിലും ലോകം ഇപ്പോഴും ഭംഗിയായിത്തന്നെ ഇവിടെയുണ്ട്. എന്നാല്‍ പുതിയൊരു അന്ത്യനാള്‍ പ്രവചിച്ചിരിക്കുകയാണ് ഒരു വിദ്വാന്‍. അതും ഒരാഴ്ച്ചയ്ക്ക് അപ്പുറമാണ് ലോകം അവസാനിക്കുന്നതെന്നാണ് പ്രവചനം, അതായത് ഏപ്രില്‍ 23 വരെ മാത്രമെ നമുക്ക് ഭൂമിയില്‍ കാല്‍ തൊട്ട് നില്‍ക്കാന്‍ കഴിയു എന്നാണ് മുന്നറിയിപ്പ്.

പ്രവചനം നടത്തിയത് മറ്റാരുമല്ല, ലോകം അവസാനിക്കാന്‍ പോകുന്ന തിയ്യതികള്‍ നിരന്തരമായി പ്രവചിച്ച് ‘വിശ്വാസ്യത’ നേടിയ ഡേവിഡ് മീഡ് ആണ്. എന്നാല്‍ ഇത്തവണ സോംബികളും പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹത്തിന്റെ പ്രവചനത്തില്‍ പറയുന്നുണ്ട്. നിബിറു എന്ന ഗ്രഹം (അദൃശ്യഗ്രഹം) ഭൂമിയോട് അടുക്കുന്നതാണു ലോകവസാനത്തിനുള്ള കാരണം എന്ന് ഇവര്‍ പറയുന്നു. നിബ്രു ഏപ്രില്‍ 23ന് ഭൂമിയില്‍ പതിക്കും എന്നും മീഡ് പ്രഖ്യാപിച്ചു. പ്ലാനറ്റ് എക്സ് എന്നൊരു ഗ്രഹവും ഭൂമിയുടെ അവസാനത്തിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

ബൈബിളുമായി ബന്ധപ്പെടുത്തിയാണ് ഡേവിഡ് മീഡിന്റെ പ്രവചനം. ഗര്‍ഭിണിയായ സൂര്യദേവതയാണ് മധ്യത്തിലുള്ളത്. ചന്ദ്രന്‍ അവരുടെ കാല്‍പാദത്തിനരികിലും. തലയ്ക്കുചുറ്റും പന്ത്രണ്ട് നക്ഷത്രങ്ങളും ശോഭിക്കുന്നു. ഏതുനിമിഷവും പ്രസവിക്കാമെന്ന തരത്തില്‍ പ്രസവവേദന അനുഭവിക്കുകയാണ് സൂര്യന്‍. വിര്‍ഗോയാണ് സൂര്യനായി ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍, സൂര്യനും ചന്ദ്രനും വ്യാഴവും ഒരേ ദിശയില്‍വരുന്നത് അപൂര്‍വ പ്രതിഭാസമല്ലെന്നും അതിന് ലോകാവസാനവുമായി ഒരു ബന്ധവുമില്ലെന്നും ജ്യോതിശാസത്രജ്ഞര്‍ പറയുന്നു. എല്ലാ 12 വര്‍ഷവും ആവര്‍ത്തിക്കുന്ന പ്രതിഭാസമാണത്.

ക്രൈസ്തവ സഭയുടെ തകര്‍ച്ചയ്ക്ക് ഈ ഏപ്രിലോടെ തുടക്കമാകുമെന്ന് അദ്ദേഹം ഇക്കൊല്ലം ആദ്യം ഒരു ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അന്തിക്രിസ്തു പിറക്കും. പ്ലാനറ്റ് എക്‌സ് ഉദിക്കും. മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടും. ഏഴുവര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ലേശകാലത്തിന് തുടക്കമാകും. ഇതിനപ്പുറം ലോകം അതിജീവിക്കാനുള്ള സാധ്യതയില്ലെന്നും ഡേവിഡ് മീഡ് പറയുന്നു.

ഇദ്ദേഹം പറഞ്ഞ ലോകാവസാന കഥകള്‍ ഇത് ആദ്യമായല്ല വരുന്നത്. 2017 സെപ്റ്റംബര്‍ 23ന് ഇദ്ദേഹം ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്നു. സെപ്റ്റംബര്‍ 23 നു ലോകവസാനം പ്രഖ്യാപിച്ച കണ്‍സ്പിരസി തിയറിസ്റ്റ് ഡേവിഡ് മീഡ് തന്നെയാണു ഒക്‌ടോബര്‍ 15 നും ലോകവസാനം ഉണ്ടാകുമെന്ന് പ്രവചിച്ചത്. എന്നാല്‍ അന്നും ഒന്നും സംഭവിച്ചില്ല.

നിബിറു സെപ്റ്റംബര്‍ 23ന് ഭൂമിയില്‍ പതിക്കുമെന്ന് നേരത്തെ മീഡ് പ്രവചിച്ചിരുന്നു. എന്നാല്‍ നിബിറു എന്നൊരു ഗ്രഹം ഉള്ളതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് നാസ വ്യക്തമാക്കിയിരുന്നു. മെക്‌സിക്കോയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 19നുണ്ടായ ഭൂകമ്പത്തില്‍ 230 പേര്‍ മരിച്ചതോടെ പലരും മിഡോയുടെ ലോകാവസാന പ്രഖ്യാപനത്തെ പലും വിശ്വസിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook