ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച ശേഷം പങ്കെടുത്ത കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പോരാട്ടം തുടരുമെന്ന മുന്നറിയിപ്പ് നല്‍കി രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കളോട് അടക്കം മിണ്ടാതെ അങ്ങേയറ്റം നിരാശയിലായിരുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വൈകാരികമായി സംസാരിച്ചു. ബിജെപിക്കെതിരെ പോരാട്ടം തുടരുമെന്ന മുന്നറിയിപ്പും നല്‍കി. രാവിലെ ആരംഭിച്ച പാരലമെന്ററി പാർട്ടി യോഗം പൂർത്തിയായി.
Read More: സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ
നിങ്ങളോരോരുത്തരും പോരാടുന്നത് ഭരണഘടനയ്ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു. ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളം. പോരാട്ടം തുടരണം. നിറത്തിന്റെയോ വിശ്വാസത്തിന്റെയോ വേര്‍തിരിവ് ഇല്ലാതെ ഭരണഘടനയ്ക്ക് വേണ്ടി ഉറച്ച് പോരാടുകയാണ് വേണ്ടതെന്ന് രാഹുല്‍ പാർട്ടി നേതാക്കളെ ഓര്‍മ്മിപ്പിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നേക്കാം. എങ്കിലും പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനും ഉള്ള സമയമാണ് ഇതെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
യുപിഎ അധ്യക്ഷയും റായ്ബറേലി മണ്ഡലത്തിലെ എംപിയുമായ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മന്‍മോഹന്‍ സിങാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. നേരത്തെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയാണ് കൈകാര്യം ചെയ്തിരുന്നത്. എല്ലാ എംപിമാരും ഒറ്റക്കെട്ടായി സോണിയയെ പിന്തുണച്ചു.

ലോക്‌സഭാ, രാജ്യസഭാ കക്ഷി നേതാക്കളെ സോണിയ ഗാന്ധി തിരഞ്ഞെടുക്കും. രാജ്യസഭാ കക്ഷി നേതാവായി ഗുലാം നബി ആസാദിനെ തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. ലോക്‌സഭാ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇത്തവണ തിരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ പകരം മറ്റൊരാളെ തിരഞ്ഞെടുക്കും.
Read More: കർഷക ആത്മഹത്യ: രാഹുൽ ആവശ്യപ്പെട്ടു, മുഖ്യമന്ത്രി ഉത്തരവിട്ടു
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാട് തുടരുന്നതിനിടയിലാണ് യോഗം ചേർന്നിരിക്കുന്നത്. രാവിലെ പത്തരയ്ക്കാണ് യോഗം ആരംഭിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. മാത്രമല്ല, രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് മുതിർന്ന നേതാക്കൾ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ലോക്‌സഭ നേതൃപദവി ഏറ്റെടുക്കാമെന്നാണ് മുതിർന്ന നേതാക്കളോട് രാഹുൽ പറഞ്ഞതെന്നാണ് സൂചന. അങ്ങനെയെങ്കിൽ മറ്റ് മുതിർന്ന എംപിമാരെ മാറ്റി നിർത്തി രാഹുൽ തന്നെ ലോക്‌സഭ കക്ഷി നേതാവായി എത്തും.

പ്രതിപക്ഷ നിരയിൽ ശക്തമായ ഒരുക്കങ്ങൾ രാഹുൽ ആരംഭിച്ചു കഴിഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാറിന്റെ വീട്ടിലെത്തിയ രാഹുല്‍ ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുളള ലയന സാധ്യതയാണ് ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ലയനം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു.