ബെംഗളൂരു: കോടികൾ ചെലവാക്കി കർണാടക വിധാൻ സൗധയുടെ (നിയമസഭ) 60-ാം വാർഷികം ആഘോഷിക്കാനുളള നിർദേശം വിവാദമാകുന്നു. ആഘോഷങ്ങളുടെ ഭാഗമായി എംഎൽഎമാർക്കും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്കും സ്വർണ ബിസ്ക്കറ്റുകൾ സമ്മാനമായി നൽകാനുളള നിർദേശം സർക്കാരിന് സമർപ്പിച്ചുവെന്ന് നിയമസഭാ സ്പീക്കർ കെ.ബി.കൊലിവാഡ് പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. സ്പീക്കറുടെ ഈ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കർണാടകയുടെ സംസ്ഥാന ചിഹ്നം പതിപ്പിച്ച 13 ഗ്രാം വീതമുളള സ്വർണ ബിസ്ക്കറ്റും വിധാൻ സൗധയുടെ ചെറിയ മാതൃകയുമാണ് അംഗങ്ങൾക്ക് സമ്മാനമായി നൽകാൻ നിർദേശം സമർപ്പിച്ചിട്ടുളളത്. ഒരു സ്വർണ ബിസ്ക്കറ്റിന് 55,000 രൂപയോളം ചെലവു വരും. ആറായിരം രൂപ വിലയുളള വെള്ളിപ്പാത്രങ്ങൾ സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് സമ്മാനമായി നൽകാനും സ്പീക്കർ നൽകിയ നിർദേശത്തിലുണ്ട്. 26.87 കോടി രൂപയുടെ ചെലവാണ് ആഘോഷങ്ങൾക്കായി കണക്കാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 25, 26 തീയതികളിലാണ് കര്‍ണാടക വിധാന്‍ സൗധയുടെ അറുപതാം വാര്‍ഷിക ആഘോഷം.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. അതേസമയം, കോടികൾ ചെലവഴിച്ചുളള ആഘോഷങ്ങൾക്കെതിരെ കോൺഗ്രസിനകത്തുനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആഘോഷങ്ങൾക്ക് ഇത്രയധികം പണം ചെലവഴിക്കുന്നതും നികുതിപ്പണം ഇതുപോലെ ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കർണാടക കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ബിജെപിയും സ്പീക്കറുടെ നിർദേശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ