/indian-express-malayalam/media/media_files/uploads/2021/07/narendramodi-doctors-daye.jpg)
e-RUPI: രാജ്യത്തെ പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ സംവിധാനമാണ് ഇത്. ഇത് ഒരു ക്യുആർ കോഡോ അല്ലെങ്കിൽ എസ്എംഎസ് സന്ദേശം വഴി ഗുണഭോക്താക്കളുടെ മൊബൈൽ ഫോണുകളിൽ ഇ-റുപ്പി ലഭ്യമാക്കാനാവും.
കാർഡുകളോ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളോ ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങളോ ഇല്ലാത്തവർക്കും ഇ-റുപ്പിയുടെ ഒറ്റത്തവണ പണമിടപാട് നടത്താനുള്ള വൗച്ചറുകൾ ഉപയോഗിക്കാനാവും.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അതിന്റെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമിൽ, സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇ-റുപ്പി പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
Read More: എന്താണ് ഇ- റുപ്പി; എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോലുള്ള പദ്ധതികൾക്ക് കീഴിൽ മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, മരുന്നുകൾ, രോഗനിർണയം എന്നിവ പോലുള്ള സേവനങ്ങൾ വിവിധ സബ്സിഡികൾ എന്നിവ ഇ-റൂപ്പി ഉപയോഗിച്ച് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച പ്രസ്താവനയിൽ അറിയിച്ചിരുന്നു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഈ ഡിജിറ്റൽ വൗച്ചറുകൾ അവരുടെ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി പരിപാടികളുടെയും ഭാഗമായി പ്രയോജനപ്പെടുത്താനാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
സർക്കാരിന്റെ ഡയരക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി (ഡിബിടി) ശക്തിപ്പെടുത്തുന്നതിൽ ഇ-റുപ്പി വൗച്ചർ വലിയ പങ്കുവഹിക്കാൻ പോവുകയാണെന്ന് പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചുകൊണ്ട് മോദി പറഞ്ഞു. എല്ലാവർക്കും സുതാര്യവും പാളിച്ചകളില്ലാത്തതുമായ സേവനം ഉറപ്പാക്കാൻ ഇ-റുപ്പി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.