ന്യൂഡല്‍ഹി: സുപ്രീം കോടതി നിസ്സാര പൊതുതാല്പര്യ ഹര്‍ജികളും ജാമ്യാപേക്ഷകളും കേള്‍ക്കുന്നത് അധികഭാരമുണ്ടാക്കുമെന്ന നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ‘പൗരന്മാരുടെ പരാതികള്‍ ഉള്‍പ്പെടുന്ന ചെറുതും പതിവായതുമായ കാര്യങ്ങള്‍ നിയമപരമായും ഭരണഘടനാപരവുമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അംഗീകരിച്ച വിലപ്പെട്ടതും അനിഷേധ്യവുമായ അവകാശമാണെന്നും കോടതിയുടെ ഇടപെടലിന്റെ അഭാവം ഗുരുതരമായ നീതിനിഷേധത്തിന് കാരണമാകുമെന്നും ജസ്റ്റിസ് പി എസ് നരസിംഹം ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ഡിസംബര്‍ 19 മുതല്‍ ശീതകാല അവധിക്കാലത്ത് സുപ്രീം കോടതിയില്‍ അവധിക്കാല ബെഞ്ച് ഉണ്ടാകില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളെ മുതല്‍ 2023 ജനുവരി 2 വരെ ഇത് ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയായാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. ‘കോടതികളുടെ നീണ്ട അവധിക്കാലം നീതിഅന്വേഷകര്ക്ക് അത്ര സുഖകരമല്ലെന്ന വികാരം ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്’, ‘അതിന്റെ സന്ദേശമോ ബോധമോ അറിയിക്കേണ്ടത് തന്റെ ബാധ്യതയും കടമയുമാണ്’ റിജിജു രാജ്യസഭയില്‍ പറഞ്ഞു, സുപ്രീം കോടതിയില്‍ സാധാരണയായി മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള നീണ്ട വേനല്‍ അവധിക്കാലത്ത് മാത്രമേ അവധിക്കാല ബെഞ്ചുകള്‍ ഉണ്ടാകൂ, എന്നാല്‍ ശൈത്യകാല അവധിക്കാലത്ത് അത്തരമൊരു ബെഞ്ച് ഉണ്ടാകാറില്ല. ഇക്കാര്യം ചൂണ്ടിയായിരുന്നു നിയമമന്ത്രിയുടെ പരാമര്‍ശം.