മനില: രാജ്യത്ത് അനധികൃതമായി ഇറക്കുമതി ചെയ്ത 75 ഓളം ആഡംബര കാറുകളും സൂപ്പര്‍ബൈക്കുകളും ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കി. ലംബോര്‍ഗിനിയും പോഷയും അടക്കമുളള 68 കാറുകളും 8 സൂപ്പര്‍ബൈക്കുകളുമാണ് തകര്‍ത്തത്. 4.26 മില്യണ്‍ ഡോളര്‍ (ഏകദേശം 30 കോടി രൂപ) വില വരുന്ന വാഹനങ്ങളാണ് നശിപ്പിച്ചത്.

പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് കഗയാനിലെ സ്റ്റാ അനയില്‍ വച്ച് വാഹനങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ കയറ്റി തകര്‍ത്തത്. തന്റെ ഭരണകാലയളവില്‍ അഴിമതിയും കള്ളക്കടത്തും ഇല്ലാതാക്കാനാവില്ലെന്ന് തനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കാറുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയെന്നത് തന്റെ പദ്ധതിയില്‍ ഉണ്ടായിരുന്നതായും ഡ്യുട്ടര്‍ട്ടെ കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്ത് നിയമപരമായി നടത്താവുന്ന ബിസിനസും നിക്ഷേപങ്ങളും ഉണ്ടെന്ന് ലോകത്തിന് കാണിക്കാന്‍ വേണ്ടിയാണ് ഇത് ഞാന്‍ ചെയ്തത്. രാജ്യത്തെ നിയമവ്യവസ്ഥ ശക്തമാണെന്ന് അറിയിക്കാനുളള ആദ്യ പടിയാണിത്’, ഡ്യുട്ടര്‍ട്ടെ വ്യക്തമാക്കി.

കാഗയാനില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത വാഹനങ്ങളാണ് തകര്‍ത്തതെന്ന് പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചു. 2016 മുതല്‍ അഴിമതിക്ക് എതിരാണ് താനെന്ന് പരസ്യമായി കാണിക്കാനായി അദ്ദേഹം ഇത്തരം പ്രവൃത്തികള്‍ നടത്തുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കോടികള്‍ വിലമതിക്കുന്ന ജാഗ്വര്‍ അടക്കമുളള കാറുകളും അദ്ദേഹം തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2.11 മില്യണ്‍ ഡോളര്‍ മൂല്യമുളള അനധികൃതമായി ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് ഫിലിപ്പിന്‍സ് കസ്റ്റംസ് ബ്യൂറോ പിടിച്ചെടുത്തത്.

നേരത്തേ ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കാറാണ് പതിവ്. എന്നാല്‍ കള്ളക്കടത്ത് സംഘം തന്നെ വാഹനങ്ങള്‍ ലേലത്തില്‍ പിടിക്കുന്നത് കൊണ്ടാണ് ഡ്യുട്ടര്‍ട്ടെ ഒരുപടി കടന്ന് ചിന്തിച്ചത്. കുറ്റകൃത്യത്തില്‍ നിന്നും പണം നേടാന്‍ നോക്കുകയല്ല, വാഹനങ്ങള്‍ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുകയെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്നിനും അഴിമതിക്കും എതിരാണ് തന്റെ പോരാട്ടമെന്നും ഡ്യുട്ടര്‍ട്ടെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരക്കണക്കിന് പേരെയാണ്ണ് മയക്കുമരുന്ന് സംഘമാണെന്ന് വ്യക്തമാക്കി പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook