/indian-express-malayalam/media/media_files/uploads/2018/09/ankit-2018_9largeimg18_Tuesday_2018_171726439.jpg)
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്രവേശനത്തിനായി സമർപ്പിച്ചത് വ്യാജ ബിരുദ രേഖകളെന്ന് ആരോപണം. എബിവിപി നേതാവ് അങ്കിത് ബസോയയ്ക്കെതിരേയാണ് എൻഎസ് യുഐ ആരോപണം ഉയർത്തിയത്. ആരോപണം തിരുവള്ളുവർ സർവകലാശാല അധികൃതർ സ്ഥിരീകരിച്ചതായും എന്എസ്യുഐ വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍ എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസിനാണ് അങ്കിത് ചേര്‍ന്നത്.
എന്നാല്‍ തിരുവള്ളുവർ സർവകലാശാലയില്‍ നിന്നുളള ബിഎയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് അങ്കിത് പ്രവേശനം നേടിയത്. തിരുവള്ളുവർ സർവകലാശാലയുടെ മാര്‍ക്ക് ലിസ്റ്റായിരുന്നു നല്‍കിയത്. അങ്കിതിന്റെ മാർക്ക് ഷീറ്റ് വ്യാജമാണെന്നതിന്റെ തെളിവുകൾ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയാണു പുറത്തുവിട്ടത്. രേഖകൾ വ്യാജമാണെന്ന് തിരുവള്ളുവർ സർവകലാശാല സ്ഥിരീകരിച്ച കത്തും എൻഎസ് യുഐ പുറത്തുവിട്ടു. അങ്കിത് ബസോയ എന്ന പേരിൽ ഒരു വിദ്യാർഥി സർവകലാശാലയിൽ രജിസ്റ്റർ ചെയ്യുകയോ സമർപ്പിച്ചിരിക്കുന്ന രജിസ്റ്റർ നന്പറിൽ പരീക്ഷ എഴുതുകയോ ചെയ്തിട്ടില്ലെന്ന് സർവകലാശാല മറുപടിയിൽ വ്യക്തമാക്കി.
അതേസമയം, രേഖകൾ പരിശോധിച്ചശേഷമാണ് അങ്കിത് ബസോയയ്ക്കു പ്രവേശനം നൽകിയതെന്ന് എബിവിപി പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്നു പ്രധാന പദവികൾ എബിവിപി സ്വന്തമാക്കിയിരുന്നു. 1744 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അങ്കിത് ബസോയ വിജയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.