/indian-express-malayalam/media/media_files/uploads/2020/10/panchayat.jpg)
ചെന്നൈ: തമിഴ്നാട്ടില്‍ ദലിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനമെന്ന് പരാതി. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പേരെ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്.
പഞ്ചായത്ത് യോഗങ്ങളില്‍ കസേരയില്‍ ഇരിക്കാന്‍ മറ്റ് അംഗങ്ങള്‍ തന്നെ അനുവദിച്ചില്ലെന്ന് രാജേശ്വരി ആരോപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
ജനുവരിയിലാണ് രാജേശ്വരിയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. വണ്ണിയാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഏകദേശം 500 ഓളം വണ്ണിയാര്‍ കുടുംബങ്ങളാണ് തേര്‍ക്കുത്തിട്ടൈയിലുള്ളത്.
പട്ടിക ജാതി സമുദായത്തിലെ 100 കുടുംബങ്ങള്‍ മാത്രമേ ഈ പഞ്ചായത്തിലുള്ളു. അതേസമയം ഇതാദ്യമായല്ല പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ തറയിലിരുത്തുന്നതെന്നും എല്ലാ തവണയും നടക്കുന്ന പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ കസേരയില്‍ ഇരിക്കാന്‍ അംഗങ്ങള്‍ അനുവദിക്കാറില്ലെന്നും രാജേശ്വരി പറഞ്ഞു.
"എന്റെ ജാതി കാരണം വൈസ് പ്രസിഡന്റ് എന്നെ മീറ്റിംഗിൽ അദ്ധ്യക്ഷയാകാൻ അനുവദിക്കുന്നില്ല. പതാക ഉയർത്താൻ പോലും അദ്ദേഹം എന്നെ അനുവദിച്ചില്ല. അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിനെ കൊണ്ടാണ് അത് ചെയ്യിച്ചത്. ഈ മാസങ്ങളിലെല്ലാം ഞാൻ ഉയർന്ന ജാതിക്കാരുമായി സഹകരിക്കുന്നുണ്ടെങ്കിലും, സഹിക്കാവുന്നതിലുമപ്പുറമായിട്ടുണ്ട്," അവർ പറഞ്ഞു. വിഷയം വിവാദമായതിനെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ രാജിനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ തമിഴ്‌നാട്ടിലെ തന്നെ തിരുവള്ളൂരില്‍ ദലിത് വിഭാഗക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പ്രദേശത്തെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട ചിലര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രസിഡന്റിനെ മാറ്റിനിര്‍ത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.